plastic-dress

ബാങ്കോക്കിൽ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രത്തിലെ സന്യാസി ആയിരക്കണക്കിന് പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളാണ് ദിവസവും ഒരു യന്ത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. പൊട്ടിത്തകർന്ന പ്ളാസ്റ്റിക് ഒരു ബോൾ രൂപത്തിൽ യന്ത്രത്തിൽ നിന്നു പുറത്തേക്ക് വരും. പ്ലാസ്റ്റിക് പോളിയസ്റ്റർ നാരുകളായി പുനരുപയോഗം ചെയ്യുന്നതിനാണ് ഈ പ്ലാസ്റ്റിക് ബോളുകൾ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാണ് സന്യാസിമാർക്കുള്ള കാഷായ വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. ലോകത്തിലെ മഹാസമുദ്രങ്ങളിലെ പ്ലാസ്റ്റിക്ക് നിക്ഷേപത്തിന്റെ പകുതിയലധികവും ക്കുന്ന അഞ്ച് രാജ്യങ്ങളിൽ നിന്നാണ്. അതിലൊന്നാണ് തായ്‌ലൻഡ്. പ്ലാസ്റ്റിക് റീസൈക്ലിംഗിന്റെ ഒരു മികച്ച മാതൃകയാകുകയാണ് വാട്ട് ചക് ഡേംഗ് എന്ന ഈ ക്ഷേത്രം. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലേയ്ക്ക് ഒഴുകുന്ന ചാവോ ഫ്രയാ നദി ഗൾഫ് ഒഫ് തായ്‌ലൻഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നദിയിലൂടെ ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സന്യാസിമാർ ഈ പരിപാടി ആരംഭിച്ചത്. രണ്ട് വർഷത്തിനിടെ 40 ടൺ പ്ലാസ്റ്റിക് ഇവർ പുനഃരുപയോഗിച്ചു.

സന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും പോലുള്ള ദാനധർമ്മങ്ങൾ നൽകുന്നതിൽ നിന്ന് വ്യത്യസ്തമായി, ഭക്തർ ഇവിടെ സൈക്കിളിൽ പ്ലാസ്റ്റിക് ബാഗുകളും ബോട്ടിലുകളും എത്തിക്കും. എത്തിക്കുന്നവർക്ക് അനുഗ്രഹവും ലഭിക്കും. ഒരു കിലോ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു സെറ്റ് സന്യാസി വസ്ത്രം നിർമ്മിക്കാൻ പറ്റും.

ഈ ക്ഷേത്രത്തിൽ കുറഞ്ഞത് 800 സെറ്റ് വസ്ത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഓരോ സെറ്റും 2,000 ഭാട്ട് (തായ്ലൻഡ് കറൻസി) മുതൽ 5,000 ഭാട്ടിനു വരെ വിറ്റ് പോകാറുണ്ട്. വീട്ടമ്മമാർ, വിരമിച്ചവർ ഭിന്നശേഷിയുള്ളവർ തുടങ്ങിയവരാണ് വസ്ത്രം നിർമ്മിക്കാൻ സഹായിക്കുന്നവർ.