പാലക്കാട്: ചിത്രം വരയ്ക്കാൻ ആഗ്രഹിച്ചിരുന്ന അക്കിത്തം ബാല്യത്തിൽത്തന്നെ അതു നിറുത്തിയത് സംബന്ധിച്ച് ഒരു കഥയുണ്ട്. അരയിൽ കറുത്ത ചരടും വെളുത്ത കോണകവും ഉടുത്ത ഒരു സ്ത്രീരൂപം ഹരിമംഗലം ക്ഷേത്രഭിത്തിയിൽ വരച്ചു. ആളുകൾ അതുകണ്ട് ചിരിച്ചു. സ്വന്തം ചിത്രമെന്ന് തെറ്റിദ്ധരിച്ച് എമ്പ്രാന്തിരിയമ്മ തേങ്ങിക്കരഞ്ഞതോടെ അക്കിത്തം ചിത്രം വര നിറുത്തി.
കുമരനെല്ലൂർ നിവാസികൾക്ക് അക്കിത്തം കവി മാത്രമല്ല, സ്‌നേഹ സമ്പന്നനായ മനുഷ്യനും വഴികാട്ടിയും സുഹൃത്തും ഗുരുവുമാണ്. എളിമയും ഋഷിതുല്യ ജീവിതവും അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. അക്കിത്തമെന്ന മഹാകവിക്കൊപ്പം ഉയർന്നത് കുമരനെല്ലൂർ എന്ന ഗ്രാമത്തിന്റെ യശഃസുകൂടിയാണ്. എം.ടിയും സാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയത് ഈ മണ്ണിൽ നിന്നാണ്. ബാല്യകാലത്ത് എം.ടിക്ക് പുസ്തകങ്ങൾ അപൂർവ വസ്തുവായിരുന്നു. ഇത് തിരിച്ചറിഞ്ഞ് അക്കിത്തം നൽകിയ പുസ്തകങ്ങളാണ് എം.ടി.യുടെ സാഹിത്യലോകം വിപുലമാക്കിയത്. താൻ തെളിച്ച പാതയിലൂടെ നടന്ന എം.ടി, ആദ്യം കുമനെല്ലൂർ ഗ്രാമത്തിന് ജ്ഞാനപീഠം നേടിക്കൊടുത്തപ്പോൾ അക്കിത്തത്തിനുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. പിന്നീട് അക്കിത്തത്തിനും ജ്ഞാനപീഠം ലഭിച്ചു. വൈകിയാണെങ്കിലും തന്റെ ജ്യേഷ്ഠതുല്യനായ നാട്ടുകാരന് അത് കിട്ടിയല്ലോ എന്ന സംതൃപ്തിയിലായിരുന്നു എം.ടി.
സാഹിത്യരംഗത്ത് സ്വന്തമായ മേൽവിലാസമുണ്ടായത് തന്റെ കഴിവുമൂലമാണെന്ന് ഒരിക്കലും അക്കിത്തം സമർത്ഥിച്ചില്ല. ഇടശേരി, ബാലാമണിയമ്മ, നാലപ്പാട്ട് നാരായണമേനോൻ, കുട്ടികൃഷ്ണമാരാർ, വി.ടി, എം.ആർ.ബി എന്നിവരുടെ അകമഴിഞ്ഞ സ്നേഹവും ശിഷ്യത്വവുമാണ് തന്നിലെ കവിയെ വളർത്തിയതെന്ന് അദ്ദേഹം എന്നും സ്മരിച്ചു.
ഗുരുവായിരുന്ന കൊടക്കാട്ട് ശങ്കുണ്ണിമേനോൻ ആട്ടക്കഥകളുൾപ്പെടെ രചിച്ചിരുന്നെങ്കിലും ഒന്നും പ്രകാശനം ചെയ്തിരുന്നില്ല. കോഴിക്കോട് ആകാശവാണിയിലായിരുന്ന കാലത്ത് അക്കിത്തം മുൻകൈയെടുത്ത് ശങ്കുണ്ണിമേനോന്റെ പുസ്തകം പ്രസിദ്ധീകരിച്ചു. അത് ആനന്ദാശ്രുക്കളോടെ ഗുരുവിന്റെ മടിത്തട്ടിൽ വച്ചുകൊടുത്തത് തന്റെ ഗുരുപൂജയായാണ് കവി കണ്ടത്.