
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഉടൻ വാദംകേൾക്കണമെന്ന് സി ബി ഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നു എന്നും സി ബി ഐ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഹർജി സി ബി ഐ ഹൈക്കോടതിയിൽ ഫയൽചെയ്തു. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
സ്റ്റേ ഉളളതിനാൽ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ സാധിക്കുന്നില്ലെന്നും ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ സർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. കേസിൽ ആഴത്തിലുളള അന്വേഷണമാണ് വേണ്ടത്.അത്തരത്തിലുളള അന്വേഷണം സുഗമമാക്കി നടത്താൻ സ്റ്റേ നീക്കണമെന്നാണ് സി ബി ഐയുടെ ആവശ്യം.
കഴിഞ്ഞദിവസമാണ് ലൈഫ് മിഷന് എതിരായ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷൻ വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന സർക്കാർ വാദം കണക്കിലെടുത്ത ഹൈക്കോടതി ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ എഫ് ഐ ആർ റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തളളിയ ഹൈക്കോടതി യൂണിടാക്കിനെതിരായ അന്വേഷണവുമായി സി ബിഐക്ക് മുന്നോട്ടുപോകാമെന്ന് വ്യക്താക്കുകയും ചെയ്തിരുന്നു.