
അകലെ നിന്നാരാണു
പാടുന്നു പിന്നെയും
അതിദുഃഖ സാന്ദ്രമീ
ഗാനമീ രാത്രിയിൽ?
ചിരകാലസ്വപ്നങ്ങൾ
വീണുമയങ്ങിയ
കരളിൽ നിന്നുയരുന്ന
ഗാനമീ രാത്രിയിൽ?
ഒരുഗാന ഗന്ധർവ്വൻ
മന്ദ്രമായ് മീട്ടിയ
മണിവീണാ തന്ത്രി തൻ
നാദമാണോ?
ഒരുനാളിലേതോ
മുളങ്കാടിനുള്ളിൽ നി-
ന്നൊരു വേള ഞാൻ കേട്ട
ഗാനമാണോ?
പരിചിതമീഗാന-
മിതു പണ്ടു ഞാൻ നിന-
ക്കെഴുതിയോരനുരാഗ
ഗീതമല്ലേ?
പലനാളു പിന്നിട്ടു
ഞാനിന്നു പിന്നെയും
ഇതിലേ നടക്കുമീ
സന്ധ്യയിങ്കൽ
അഞ്ജാത ഗായകാ!
നീ പാടുമീ നഷ്ട-
പ്രണയാർദ്ര മധുരമീ
വരികളെല്ലാം
പണ്ടു ഞാനെഴുതിയ-
താണെന്നറിയുന്നു;
മധുരമീ നൊമ്പരം
നന്ദി ചൊല്ലുന്നു ഞാൻ.