
മധുരപ്രിയർക്ക് വളരെയേറെ ഇഷ്ടമുള്ളൊരു വിഭവമാണ് ഡോണട്ട്. നിങ്ങൾക്ക് മൂന്നു മിനിട്ടിനുളളിൽ പരമാവധി എത്ര ഡോണട്ട് കഴിക്കാൻ കഴിയും. ബ്രിട്ടണിൽ ലേ ഷട്ട്കവ ർ എന്ന യുവതി മൂന്ന് മിനിട്ടിൽ കഴിച്ചു തീർത്തത് പത്ത് ജാം ഡോണറ്റുകളാണ്. അതിനിത്ര പറയാനെന്തിരിക്കുന്നു എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. അതോടെ ഗിന്നസ് റെക്കോർഡും ലേ സ്വന്തം പേരിലാക്കിയെന്നതാണ് കാര്യം. ലേയുടെ ലോക റെക്കോർഡ് പ്രകടനം ഗിന്നസ് റെക്കോർഡിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. കൗതുകകരമായ ഒരു കാഴ്ച്ച തന്നെയാണിത്. ഇത്ര വേഗം എങ്ങനെ അകത്താക്കാൻ സാധിക്കുന്നു എന്നാണ് കമന്റുകൾ.
ഇക്കഴിഞ്ഞ മെയ് 16 നായിരുന്നു ലേ തന്റെ റെക്കാർഡ് പ്രകടനം കാഴ്ച്ചവച്ചത്. സെപ്റ്റംബർ 9 നാണ് യൂട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്തത്. ബ്രിട്ടനിലെ ബർമിംഗ്ഹാം സ്വദേശിയാണ് ലേ. ഇതിനോടകം തന്നെ വമ്പിച്ച ജനശ്രദ്ധ നേടിയ വീഡിയോ ഒരു ലക്ഷം പേരാണ് കണ്ടിട്ടുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഭക്ഷണം കഴിക്കുന്ന നിരവധി വീഡിയോകളാണ് ലേയുടെ ഇൻസ്റ്റാഗ്രാം പേജിലുണ്ട്.