waterway

തിരുവനന്തപുരം: കേരളത്തിന്റെ ജലഗതാഗത മേഖലയിൽ നാഴികക്കല്ലായി മാറുന്ന കോവളം മുതൽ ബേക്കൽ വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആദ്യഘട്ടം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. ജനുവരിയിൽ വിനോദസഞ്ചാരികൾക്കായി പാത തുറന്നുകൊടുക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. 39 ജലാശയങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാന, ദേശീയ ജലപാതകൾ ചേർന്നതാണ് 620 കി.മീറ്റർ ജലപാത. കോവളം- ബേക്കൽ ജലപാത ഇനി അറിയപ്പെടുക 'പശ്ചിമഘട്ടതീര കനാൽ' എന്നായിരിക്കും. ഡിസംബറിൽ ആദ്യഘട്ടം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചരക്ക് ഗതാഗതം 2025ൽ പൂർത്തിയാകുന്ന മൂന്നാംഘട്ടത്തിൽ മാത്രമായിരിക്കും.

വിനോദ ബോട്ടിംഗ് ഇങ്ങനെ

ഒറ്റനിലയുള്ള ഹൗസ് ബോട്ട്, സ്റ്റീൽ ബോട്ട്, കാശ്‌മീരി ശിക്കാര ബോട്ട് എന്നിവയാണ് വിനോദസഞ്ചാരികൾക്കായി ഏർപ്പെടുത്തുക. രണ്ടാംഘട്ടത്തിൽ പാലങ്ങളുടെ ഉയരം കൂട്ടുന്നതോടെ ഉയരം കൂടിയ ഹൗസ് ബോട്ടുകൾ വരും.

ഒന്നാംഘട്ടത്തിൽ കോവളം മുതൽ ബേക്കൽ വരെ ജലാശയങ്ങളെ കനാലുകൾ വഴി ബന്ധിപ്പിക്കുന്നതാണ് നടന്നുവരുന്നത്. നിലവിലെ ജലപാത ശുചീകിരിച്ച് ഗതാഗതയോഗ്യമാക്കുകയും പാർശ്വഭിത്തി നിർമ്മിക്കുകയും ആഴം കൂട്ടുന്നതടക്കമുള്ളവയാണ് ഇപ്പോൾ നടന്നുവരുന്നത്.

രണ്ടാംഘട്ടത്തിൽ കോഴിക്കോട് കനോലി കനാൽ വീതി കൂട്ടലിനാണ് മുൻഗണന നൽകുന്നത്. ഉയരം കുറഞ്ഞ പാലങ്ങളുടെ പുനർനിർമ്മാണവും പുതിയ പാലങ്ങളുടെ നിർമ്മാണവും ഇതിൽപ്പെടും. 2022 ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ചെലവ് കുറഞ്ഞ രീതിയിലുള്ള ചരക്ക് ഗതാഗതത്തിനായുള്ള നടപടികളാണ് മൂന്നാംഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. ഇതിനായി ആഴംകൂട്ടൽ, ചരക്ക് യാനങ്ങൾ അടുപ്പിക്കാൻ ജില്ലകളിൽ ടെർമിനൽ സ്ഥാപിക്കൽ എന്നിവയാണ് ചെയ്യുക. 2025 ഡിസംബറോടെ മൂന്നാംഘട്ടവും പൂർത്തിയാക്കി ജലപാത പൂർണതോതിൽ ഗതാഗത യോഗ്യമാക്കുകയാണ് ലക്ഷ്യം.ചരക്ക് ഗതാഗതം സാദ്ധ്യമാകുന്നതോടെ കുറഞ്ഞ ചെലവിൽ ചരക്ക് നീക്കത്തിന് കഴിയും. ഇതോടൊപ്പം റോഡിലെ ഗതാഗത തിരക്കിന് പരിഹാരമാകുകയും അന്തരീക്ഷ മലിനീകരണം ഇല്ലാതാകുകയും ചെയ്യും. 32 മുതൽ 40 മീറ്റർ വരെ വീതിയിലാണ് പാത. ഏറ്റവും കുറഞ്ഞ ആഴം 2.25 മീറ്ററായിരിക്കും.