lavlin

ന്യൂഡൽഹി: പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കു‌റ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാ‌റ്റി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കത്ത് നൽകി. നാളെയാണ് കേസ് സുപ്രീംകോടതി പരിഗണിക്കേണ്ടത്.

ഒക്‌ടോബർ എട്ടിന് മുൻപ് കേസ് പരിഗണിച്ചപ്പോൾ പിണറായി വിജയൻ ഉൾപ്പടെയുള‌ളവർക്ക് എതിരെ തെളിവുണ്ടെന്ന് സി.ബി.ഐ കോടതിയിൽ വാദിച്ചിരുന്നു.സി.ബി.ഐയ്‌ക്ക് അറിയിക്കാനുള‌ളത് വിശദമായി കുറിപ്പിൽ കോടതിയിൽ സമർപ്പിക്കണമെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് യു.യു ലളിത് ആവശ്യപ്പെട്ടിരുന്നു. കേസ് ഇനി വാദം കേൾക്കുമ്പോൾ ശക്തമായ വാദം സി.ബി.ഐ നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായാണ് രണ്ടാഴ്‌ച കൂടി സമയം സി.ബി.ഐ ചോദിച്ചിരിക്കുന്നത്.

പിണറായി വിജയൻ, എ ഫ്രാൻസിസ്, കെ മോഹനചന്ദ്രൻ എന്നിവരെ പ്രതിപട്ടികയിൽ നിന്നും 2017ലാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഇതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ ഹർജി നൽകി. ഒപ്പം പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അന്ന് ഉദ്യോഗസ്ഥരായിരുന്ന കസ്‌തൂരി രങ്ക അയ്യർ, ആർ ശിവദാസൻ, കെ.ജി രാജശേഖരൻ എന്നിവരും ഹർജി നൽകുകയായിരുന്നു.