
ചണ്ഡീഗഡ്: ഒരുവർഷത്തിലേറെയായി ഭർത്താവ് കക്കൂസിൽ പൂട്ടിയിട്ടിരുന്ന യുവതിയെ രക്ഷപ്പെടുത്തി. ഹരിയായനയിലെ റിഷ്‌പൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ സന്നദ്ധപ്രവർത്തകരാണ് യുവതിയെ രക്ഷപ്പടുത്തിയത്.
മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ കക്കൂസിൽ പൂട്ടിയിട്ടിരുന്നത്. ആവശ്യത്തിന് ഭക്ഷണംപോലും നൽകിയിരുന്നില്ല. രക്ഷാപ്രവർത്തകർ എത്തുമ്പോൾ വിസർജ്യങ്ങൾക്ക് നടുവിലായിരുന്നു യുവതി.
തീർത്തും അവശയായ യുവതി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നാണ് പൊലീസ് പറയുന്നത്. ഏറെ സമയമെടുത്ത് കുളിപ്പിച്ച് വൃത്തിയാക്കിയശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് സംസാരത്തിൽ വ്യക്തമായെന്നാണ് സന്നദ്ധപ്രവർത്തകർ പറയുന്നത്. വൈദ്യപരിശോധയ്ക്കുശേഷമേ ഇക്കാര്യത്തിൽ ഉറപ്പുനൽകാനാവൂ എന്നും അവർ വ്യക്തമാക്കി.
എന്നാൽ യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പലഡോക്ടർമാരെ കാണിച്ചിട്ടും ഫലമില്ലാതെ വന്നതോടെയാണ് കക്കൂസിൽ പൂട്ടിയിട്ടതെന്നുമാണ് ഭർത്താവ് പറയുന്നത്. സന്നദ്ധപ്രവർത്തകരുടെ പരാതിയിൽ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. യുവതിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനാണ് പൊലീസിന്റെ തീരുമാനം.