coconut

കണ്ണുകെട്ടി തേങ്ങ പൊട്ടിച്ച് ലോക റെക്കാഡ് നേടി യുവാവ്. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയും മാർഷ്യൽ ആർട്സ് വിദ്യാർത്ഥിയുമായ ബോയില്ല രാകേഷ് ആണ് സാഹസികമായ പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടം നേടിയത്. രാകേഷിന്റെ മാസ്റ്ററായ പ്രഭാകർ റെഡ്ഡിയും ഈ പ്രകടനത്തിൽ പങ്കാളിയായിരുന്നു. നിലത്തു കിടന്ന പ്രഭാകറിന്റെ ശരീരത്തോട് ചേർത്താണ് തേങ്ങകൾ വരി വരിയായി പല ഭാഗത്തായി അടുക്കി വച്ചിരുന്നത്. കറുത്ത തുണി കൊണ്ട് കണ്ണുമൂടിയെത്തിയ രാകേഷ് കൃത്യമായ നിര പാലിച്ച് ചുറ്റിക ഉപയോഗിച്ച് തേങ്ങകൾ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഒരു മിനിറ്റിനുള്ളിൽ നാൽപ്പത്തിയൊമ്പത് തേങ്ങകൾ പൊട്ടിച്ച് രാകേഷ് നേടിയത് ലോക റെക്കോഡായിരുന്നു. ആറു മാസത്തെ തുടർച്ചയായ കഠിന പരീശീലനത്തിനൊടുവിലാണ് ഇത്തരമൊരു അഭ്യാസം വിജയകരമായി പൂർത്തീകരിച്ചതെന്ന് പ്രഭാകർ പറഞ്ഞു. 35 തേങ്ങകൾ ലക്ഷ്യമിട്ടാണ് ഈ പ്രകടനം തുടങ്ങിയതെന്നും എന്നാൽ, പ്രതീക്ഷിച്ചതിലധികം തേങ്ങകൾ പൊട്ടിക്കാൻ സാധിച്ചുവെന്നും പ്രഭാക‌ർ വ്യക്തമാക്കി. ഇതിനു മുമ്പും പല റെക്കാഡുകളും നേടിയിട്ടുള്ളയാളാണ് പ്രഭാകർ.