vivek-oberoi

മുംബയ്: ബോളിബുഡ് നടൻ വിവേക് ഒബ്റോയിയുടെ വീട്ടിൽ പൊലീസ് റെയ്‌ഡ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസാണ് നടന്റെ മുംബയിലെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. വിവേകിന്റെ അടുത്ത ബന്ധുവായ ആദിത്യ ആൽവയെ തേടിയാണ് വീട്ടിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

'ആദിത്യ ഒളിവിലാണ്. അയാൾ ബന്ധുവായ വിവേക് ഒബ്‌റോയിയുടെ വീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഇങ്ങോട്ടേയ്‌ക്ക് വന്നത്'- ബംഗളൂരു ജോയിന്റെ കമ്മിഷണർ ഒഫ് പൊലീസ് സന്ദീപ് പാട്ടിൽ പ്രതികരിച്ചു.

കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനായ ആദിത്യയുടെ പേര് തുടക്കം മുതൽ തന്നെ വിവാദമായ ബംഗളൂരു ലഹരിമരുന്ന കേസിൽ ഉയർന്നിരുന്നു. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കം 15 പേരാണ് കേസിൽ ഇതുവരെ അറസ്‌റ്റിലായിട്ടുള്ളത്. നിശാ നൃത്ത സംഘാടകൻ വിരേൻ ഖന്ന, റിയൽ എസ്‌റ്റേസ്‌റ്റ് പ്രമുഖൻ രാഹുൽ തോൺസ് എന്നിവരും അറസ്‌റ്റിലായ പ്രമുഖ മുഖങ്ങളാണ്.

ആദിത്യ ആൽവയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ അഞ്ച് ഏക്കർ ഹെബ്ബൽ ലേക്ക് കഴിഞ്ഞ മാസം പൊലീസ് റെയ്‌ഡ് ചെയ‌്തിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബംഗളൂരു ലഹരി മരുന്ന് കേസും ഉയർന്നുവന്നത്.