
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്‌മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അറസ്റ്റ് തടഞ്ഞുകൊണ്ടുളള കോടതിവിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കർ ചോദ്യംചെയ്യലിനായി എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ഹാജരായത്.
സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിനോടൊപ്പം നടത്തിയ വിദേശയാത്രകളെക്കുറിച്ചുളള വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. അമേരിക്കൻ ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് നേരത്തേ സ്വപ്ന സുരേഷ് മൊഴിനൽകിയിരുന്നു. ഇതിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങളും ശിവശങ്കറിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. ഡോളർ കടത്താൻ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് നേടത്തേ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ശിവശങ്കറിന് പങ്കുണ്ടോ എന്നും എൻഫോഴ്സ്‌മെന്റ് പരിശോധിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടഞ്ഞത്. അതേസമയം അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. വിശദമായ മറുപടി നൽകാൻ സമയം വേണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകുമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു.