
പാലക്കാട്: വേദമന്ത്രങ്ങളിൽ നിന്ന് ഉരുവം കൊണ്ട മഹാമനീഷിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. അദ്ദേഹത്തിന്റെ കാവ്യ, ജീവിത ദർശനങ്ങളെ പരുവപ്പെടുത്തുന്നതിൽ ബാല്യകാലത്തെ വേദാദ്ധ്യയനം വലിയ പങ്കുവഹിച്ചു. നാനൃഷി കവിയെന്ന (ഋഷിയല്ലാത്തവൻ കവിയല്ല) സങ്കല്പം മഹാകവി അക്കിത്തത്തിൽ സഫലമായി. 'കേരളകൗമുദി" ഓണപ്പതിപ്പിനു വേണ്ടി അഭിമുഖം തയ്യാറാക്കാൻ സമീപിച്ചപ്പോൾ മുന്നിലിരിക്കുന്ന സ്വന്തം കവിതാ സമാഹാരത്തിൽ തൊട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഞാൻ എഴുതിയതെല്ലാം ഇതിലുണ്ട്. ഇതിനെക്കാൾ നന്നായി എഴുതാൻ ഞാൻ പ്രാപ്തനല്ല".
ഇരുളടഞ്ഞ മനുഷ്യദുഃഖങ്ങളെ അക്ഷരവെളിച്ചത്തിലേക്ക് ആവാഹിച്ച കവിതയുടെ ഇതിഹാസമാണ് അക്കിത്തം. അദ്ദേഹത്തിന്റെ കവിത വായിക്കുന്നവർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലെത്തുന്നു. ഉത്തമ കവിത ലക്ഷ്യം വയ്ക്കുന്നത് മനുഷ്യമനസിന്റെ ആത്യന്തികമായ പരിവർത്തനവും പുനരുജ്ജീവനവുമാണ്. അത് സാദ്ധ്യമാക്കിയ കവിയാണ് അക്കിത്തം. അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത് വേദമന്ത്രങ്ങളുടെ ബാല്യകാല പശ്ചാത്തലമാണ്.
പിതാവ് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലും ശിക്ഷണത്തിലും മന്ത്ര-ശ്ലോകങ്ങൾ ചൊല്ലി തഴക്കം വന്നതാണ് അദ്ദേഹത്തിന്റെ ബാല്യം. മന്ത്രങ്ങൾ ആ ബാലമനസിലെ സർഗാത്മകതയെ ഉണർത്തി. ജ്യോത്സ്യൻ കൂടിയായിരുന്ന കൊടക്കാട്ട് ശങ്കുണ്ണി നമ്പീശന്റെ ശിഷ്യനായി ആറുമാസം തുടർന്നു. എടപ്പാൾ മുതൽ കുമരനെല്ലൂർ വരെയുള്ള പ്രദേശങ്ങൾ അന്ന് ഇല്ലങ്ങളുടെ നാടായിരുന്നു. 16 ഇല്ലങ്ങൾ ഉണ്ടായിരുന്നു. അറിഞ്ഞും അറിയിച്ചും ഇവിടങ്ങളിലൊക്കെ സഞ്ചരിച്ചയാളാണ് ശങ്കുണി നമ്പീശൻ. അദ്ദേഹത്തിന്റെ കീഴിലുള്ള ശിക്ഷണ ശേഷം വീണ്ടും മന്ത്രങ്ങളിലേക്ക് മടങ്ങി. കവിതകളിൽ തത്വചിന്തകൾ മുഴങ്ങി.
അനാദിയിൽ നിന്നാണ് തന്റെ കവിത ഉദയം കൊള്ളുന്നതെന്നായിരുന്നു അക്കിത്തത്തിന്റെ വിശ്വാസം. താൻ തന്നെയാണോ ഇക്കണ്ടതൊക്കെയും എഴുതിയതെന്ന് കവി തന്നെ വസ്മയിച്ചിട്ടുണ്ട്. കവിക്കും മുകളിൽ കവിത വളരുന്ന ഘട്ടത്തിലാണ് ഇങ്ങനെ വിസ്മയിച്ചുപോകാറ്. അതുവരെ സംഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് കവി പോലുമറിയാതെ കവിതയിൽ സംഭവിക്കുന്നു.
മന്ത്രോച്ചാരണം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നിട്ടും കാവ്യഭാഷ കവിയെപ്പോലെ തന്നെ പ്രസാദമധുരമായി തുടർന്നു. തേജസും നിഷ്‌കളങ്കതയും കവിമുഖത്ത് എപ്പോഴും നിറഞ്ഞുനിന്നിരുന്നു.