ajitha

തിരുവനന്തപുരം: ബ്രിട്ടനിൽ പൊതു രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കാനായി രാജ്ഞി പ്രഖ്യാപിച്ച ദേശീയ അവാർഡിൽ രണ്ടു മലയാളികൾ. വർക്കല സ്വദേശി അജിത സജീവിനും കൊല്ലം സ്വദേശി ജേക്കബ് തുണ്ടിലിനും ബ്രിട്ടനിലെ ദേശീയ അവാർഡായ എം.ബി.ഇ ലഭിച്ചു. കിഴക്കൻ ലണ്ടനിലെ ന്യൂഹാം കൗൺസിലിൽ സ്ട്രീറ്റ് പോപ്പുലേഷൻ മാനേജരായി ജോലി നോക്കുന്ന അജിത ഭവന രഹിതർക്ക് കോവിഡ് കാലത്തു സ്ഥിര താമസത്തിനുള്ള സൗകര്യം ഒരുക്കി. ഇരുനൂറിലധികം പേരെ ഇങ്ങനെ സഹായിക്കാൻ കഴിഞ്ഞു. വർക്കല എസ്.എൻ കോളേജിന് സമീപം പരേതനായ വിശ്വംഭരൻ-ജിജി ദമ്പതികളുടെ മകളും സജീവ് സദാനന്ദന്റെ ഭാര്യയുമാണ് അജിത(52).ഇവർക്ക് രണ്ട് മക്കളുണ്ട്.

അന്തർദേശീയ വ്യാപാരത്തിനും കയറ്റുമതിക്കുമാണ് ജേക്കബ് തുണ്ടിലിനു മെമ്പർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എം.ബി.ഇ) അവാർഡ് ലഭിച്ചത്. എഞ്ചിനീയറിങ്ങ് പഠനശേഷം ബ്രിട്ടനിൽ എംബിഎ ഡിഗ്രിക്ക് പഠനത്തിനെത്തിയ ജേക്കബ് തുണ്ടിൽ പല ജോലികൾക്ക് ശേഷം സ്വന്തം ബിസിനസ്സ് ചെയ്യാനിറങ്ങി. നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ നൂതനമായ രീതിയിൽ കൊക്കോഫീന കടകൾ വഴി വിപണനം ചെയ്യുന്നു. നിലവിൽ 28 രാജ്യങ്ങളിൽ ബ്രാഞ്ചുകളുള‌ള കൊക്കോഫീന കടകൾക്കും ഉൽപന്നങ്ങൾക്കും ഓൺലൈനായും വലിയ വിപണനമാണ് നടത്തിയത്.