
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരേയൊരു സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്കൂൾ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാകാതെ വൻ സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ മുങ്ങിത്താഴുന്നു. 2012 മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നിഴലിലാണ് കഴക്കൂട്ടം സൈനിക സ്‌കൂൾ. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഇതുവരെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഈ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് സ്‌കൂളിലെ അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം നൽകി വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുവർഷത്തേക്ക് മാത്രമെ ഈ ഫണ്ടിലെ തുക തികയുകയുള്ളൂ. അതുകഴി|ഞ്ഞാൽ എന്തുചെയ്യുമെന്ന് സ്‌കൂളധികൃതർക്ക് ഒരു നിശ്ചയവുമില്ല.
1962ൽ സ്ഥാപിച്ചു
സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് പൊതുവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1962ലാണ് സ്‌കൂൾ സ്ഥാപിച്ചത്. 1964ലാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്‌കൂൾ മാറിയത്. സ്‌കൂളിലെ 67 ശതമാനം സീറ്റുകൾ കേരളത്തിലെ വിദ്യാർത്ഥികൾക്കും ശേഷിക്കുന്ന സീറ്റുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമാണ്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ 750 കുട്ടികൾക്ക് സൈന്യത്തിൽ ജോലി കിട്ടിയിട്ടുണ്ട്. സൈനിക സ്‌കൂൾ സൊസൈറ്റിയാണ് സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുന്ന ഗവേണിംഗ് ബോഡി. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നീ തസ്തികകളിലേക്ക് സൈനിക ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുകയും സ്കൂളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
സർക്കാർ ഇടപെടണം
സ്കൂളിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാർ ഇടപെടണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. 605 ആൺകുട്ടികളും 15 പെൺകുട്ടികളുമാണ് ഇപ്പോൾ സ്കൂളിൽ പഠിക്കുന്നത്. അദ്ധ്യാപകരും ജീവനക്കാരുമടക്കം 60 സ്‌റ്റാഫുകളിൽ 39 പേർ സ്ഥിരം ജീവനക്കാരാണ്. സ്കൂളിന്റെ ഭൂമി, വാഹനങ്ങൾ അവയുടെ പരിപാലന ചെലവ് എന്നിവയെല്ലാം താങ്ങാൻ സ്കൂളിന് കഴിയാത്ത സ്ഥിതിയാണുള്ളത്. ജീവനക്കാരുടെ പെൻഷൻ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സുപ്രീംകോടതി 2006ൽ ഉത്തരവിട്ടെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല.