
വാഷിംഗ്ടൺ: ബ്രിട്ടീഷ് കുടുംബാംഗമായ ഹാരി രാജകുമാരനെ വിവാഹം ചെയ്തത് മുതൽ മാദ്ധ്യമങ്ങളുടെ നോട്ടപ്പുള്ളിയാണ് മേഗൻ മാർക്കിൾ. രാജപദവികൾ ഉപേക്ഷിച്ച് മേഗനും ഹാരിയും കൊട്ടാരം വിട്ടതിനു പിന്നിലും മേഗനാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുണ്ടായ തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേഗൻ. ഫോർച്യൂൺ മാഗസിന് നൽകിയ അഭിമുഖത്തിലാണിത്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചതെന്നാണ് മേഗൻ പറയുന്നത്.
' ഒരു സമൂഹമാദ്ധ്യമത്തിലും അക്കൗണ്ട് വേണ്ടെന്നത് വ്യക്തിപരമായി എടുത്ത തീരുമാനമാണ്. അതുകൊണ്ടുതന്നെ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയില്ല. പലരീതിയിലും അതു തന്നെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പേഴ്സണൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വർഷങ്ങൾക്ക് മുമ്പേ നിറുത്തി. നിലവിലുള്ളത് ഹാരിയുടെയും തന്റെയും പേരിലുള്ള ഔദ്യോഗിക അക്കൗണ്ടാണ്. അതു കൈകാര്യം ചെയ്യുന്നത് മറ്റുള്ളവരാണ്. ഇന്ന് തന്റെ സമയമേറെയും ചെലവഴിക്കുന്നത് മകൻ ആർച്ചിക്കു വേണ്ടിയാണെന്നും' മേഗൻ പറയുന്നു.
അടുത്തിടെ വിമർശനങ്ങളും വിവാദങ്ങളും തന്നെ എത്രത്തോളം തകർക്കുന്നുവെന്ന് മേഗൻ വ്യക്തമാക്കിയിരുന്നു. വിമർശനങ്ങൾ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചതെങ്ങനെയെന്നാണ് മാനസികാരോഗ്യം സംബന്ധിച്ച ടീനേജർ തെറാപ്പി എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേ മേഗൻ തുറന്നു പറഞ്ഞത്.