
തിരുവനന്തപുരം:കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് കൈത്താങ്ങായി തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിംഗ്. എം ടെക് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ 2018-20 വിദ്യാർത്ഥികളുടെ അദ്ധ്വാനത്തിൽ പിറന്ന ഓട്ടോണമസ് നാവിഗേഷൻ സംവിധാനമുള്ള കൊവിഡ് കെയർ റോബോട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറി. റോബോട്ടിക്സ് വിദ്യാർത്ഥികളായ സഞ്ജുന മറിയം മാത്യൂസ് (ടീം ലീഡർ), അജ്മൽ എം, ഹരികൃഷ്ണൻ.കെ, റോജിൻ ഫിലിപ്പ് റെജി, അരുൺ ശങ്കർ എന്നിവർ ചേർന്നാണ് റോബോട്ട് രൂപകൽപ്പന ചെയ്തത്.
കോളേജ് ഒഫ് എഞ്ചിനീയറിംഗിലെ അദ്ധ്യാപിക ഡോ. ശ്രീജയുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയ്യാറാക്കിയത്. ഡോ. രഞ്ജിത്ത് എസ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷിജു മജീദ് എന്നിവർ നിർദേശങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകി. കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ( 1987-91ബാച്ച് )പൂർവവിദ്യാർത്ഥി സംഘടനയായ ലൈറ്റ് ഹൗസ് ആണ് പ്രോജക്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട് റിസർച്ച് ആന്റ് ഡവലപ്പ്മെന്റിന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഓട്ടോണമസ് നാവിഗേഷൻ കൂടാതെ ജോയ്സ്റ്റിക്ക് ഉപയോഗിച്ചും റോബോട്ട് പ്രവർത്തിപ്പിക്കാനും സാധിക്കും. നോൺ-കോൺടാക്റ്റ് ഹാൻഡ് സാനിറ്റൈസർ, ടെലിമെഡിസിൻ സൗകര്യം എന്നിവയും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസംകൊണ്ടാണ് റോബോട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.