covid-vaccine

മോസ്കോ: റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിനും അംഗീകാരം നൽകി. മാസങ്ങൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞ സ്‌പുട്നിക് അഞ്ചിന് ശേഷം എപിവാക് കൊറോണ' എന്ന വാക്‌സിന് രാജ്യം അംഗീകാരം നൽകിയതായി ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. മനുഷ്യരിൽ ഇതിന്റെ ആദ്യ പരിശോധന പൂർത്തിയായെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാൽ പരിശോധന ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. മനുഷ്യരിൽ നടത്തേണ്ട മൂന്നാം ഘട്ട പരിശോധന ഇതുവരെ ആരംഭിച്ചിട്ടുമില്ല.

പ്രശസ്തമായ വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നായി കണക്കാക്കുന്ന സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 'എപിവാക് കൊറോണ' സ്പുട്നിക്കിൽ നിന്നും വ്യത്യസ്തമാണെന്നാണ് കരുതുന്നത്. മനുഷ്യരിൽ ഇതുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള പരിശോധന നവംബറിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. 30,000 ത്തോളം പേരിൽ പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

മാർച്ചിൽ തന്നെ കൊവിഡ് വാക്സിനായുള്ള പ്രവർത്തനങ്ങൾ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 14 പേർക്കും രണ്ടാം ഘട്ടത്തിൽ 43 പേർക്കും അവർ വാക്സിൻ നൽകി. നേരത്തെ സ്പുട്നിക് അഞ്ചിനും ഇത്തരത്തിൽ അംഗീകാരം നൽകിയിരുന്നു.

എപിവാക് കൊറോണയുടെ ഉത്പാദനം ഈ വർഷാവസാനം തുടങ്ങിയേക്കും. രണ്ട് വാക്സിനുകളുടെയും നിർമാണം വർദ്ധിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു. തങ്ങളുടെ വിദേശ പങ്കാളികളുമായുള്ള സഹകരണം ഇപ്പോഴും തുടരുന്നുണ്ടെന്നും റഷ്യ നിർമിച്ച വാക്സിൻ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.