
മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ പൃഥ്വിരാജിന് ഇന്ന് പിറന്നാൾ.
പൃഥിരാജും ഇന്ദ്രജിത്തും എന്റെ സഹോദരങ്ങളെ പോലെയാണ്. അവർ രണ്ടു പേരുമായും എനിക്ക് ആത്മബന്ധമുണ്ട്. ഞാനും രാജുവും ( പൃഥ്വിരാജ് ) ആദ്യമായി ഒരുമിച്ച സിനിമയാണ് 'ടിയാൻ". ആ സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം വളർന്നത്. എനിക്ക് ഇത്രയധികം ക്രിയേറ്റിവ് വൈബ് തോന്നിയ മറ്റൊരു ആളില്ല. ഞാൻ ഒരു കാര്യം പറയുമ്പോൾ അത് വളരെ വേഗം മനസ്സിലാക്കാൻ കഴിയുന്നു എന്ന പ്രത്യേകത രാജുവിൽ കണ്ടപ്പോൾ എനിക്കും വളരെയധികം സന്തോഷം തോന്നി. സിനിമയുടെ സമസ്ത മേഖലകളെ പറ്റിയും നല്ല അറിവുള്ള ആളാണ് രാജു. ആശിർവാദ് സിനിമാസിന് വേണ്ടി 'ലൂസിഫർ" എന്ന സിനിമ ചെയ്യാനുള്ള ഒരു ഓഫർ എനിക്ക് നേരത്തെ ഉണ്ടായിരുന്നതാണ്. എന്റെ ഒരു തിരക്കഥ സിനിമയാക്കാൻ രാജുവിനും താത്പര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് 'ലൂസിഫറി"ലേക്ക് ഞങ്ങൾ എത്തുന്നത്. സർഗാത്മകതയിൽ ശരിക്കും ഒരു കുട്ടിത്തമുണ്ട്. അങ്ങനെ നോക്കുമ്പോൾ ഞാനും രാജുവും കുട്ടികളാണ്.
എനിക്കൊപ്പം ജോലി ചെയ്യുന്ന സംവിധായകരിലും നടന്മാരിലും ആ ഒരു സ്വഭാവഗുണം ഉണ്ടെങ്കിൽ ഞാൻ അവരുമായി പെട്ടന്ന് അടുക്കും. കുട്ടികൾക്ക് ഉള്ളത് പോലെയുള്ള ഒരു ജിജ്ഞാസ എനിക്കും രാജുവിനും ഉണ്ട്. 'എമ്പുരാൻ" ശരിക്കും ഒരു ചലഞ്ച് ആണ്. എന്നാൽ നമ്മുടെ ജോലിയെ നമ്മൾ വളരെയധികം ഇഷ്ടപ്പെട്ട് ചെയ്യുമ്പോൾ ചലഞ്ചിനൊപ്പം വലിയൊരു ആസ്വാദനം കൂടിയാകുമത്. ഞങ്ങൾ ഒരുമിച്ച് അങ്ങനെ യാത്രകൾ ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ കൂടുതൽ ഇരിക്കാറാണ് പതിവ്. എമ്പുരാൻ ഒരു വലിയ സിനിമയാണ്. ഒരുപാട് ലൊക്കേഷനുകളിൽ ഷൂട്ടിംഗ് ഉള്ള ഒരു വലിയ സിനിമ. കൊവിഡിന്റെ പ്രശ്നങ്ങൾ തീർന്നാൽ മാത്രമേ സിനിമയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. അടുത്ത വർഷം അവസാനം ഷൂട്ട് തുടങ്ങണമെന്നാണ് തീരുമാനം. നേരത്തെ പറഞ്ഞതു പോലെ ഒരു ഇളയ സഹോദരനോടുള്ള വാത്സല്യം എനിക്ക് എപ്പോഴും രാജുവിനോടുണ്ട്. അത് കൂടാതെ ഈ ചെറിയ പ്രായത്തിനുള്ളിൽ അഭിനയവും സംവിധാനവും നിർമ്മാണവും തുടങ്ങി സിനിമയിൽ കൈ വച്ച എല്ലാ മേഖലകളിലും വിജയം കണ്ട ആളാണ് രാജു. ആ ഒരു ബഹുമാനം കൂടി എനിക്ക് രാജുവിനോടുണ്ട്. രാജുവിന്റെ കരിയറിൽ ഇനിയും ഇതിനേക്കാൾ വലിയ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.