-sensex

ന്യൂഡൽഹി : കടുത്ത വില്പന സമ്മർദ്ദത്തെ തുടർന്ന് ഓഹരി സൂചിക കുത്തനെ താഴേക്ക് പതിച്ചു. സെൻസെക്സ് 1,038 പോയിന്റാണ് താഴെ പോയത്. നിഫ്റ്റി 11,700 നിലയിലെത്തി. ബാങ്ക്, ഐടി ഓഹരികളിൽ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് സൂചികകൾ സമ്മർദ്ദത്തിലാകാനിടയായത്. സെൻസെക്സ് 39,873, നിഫ്റ്റി 11,726 എന്നിങ്ങനെ പോയിന്റ് നിലകളിൽ എത്തി നിൽക്കുകയാണ്.

കൊവിഡ് വ്യാപനവും ആഗോള സൂചികയിലുണ്ടായ നഷ്ടവുമാണ് വിപണി കൂപ്പുകുത്തനിടയാക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ടി.സി.എസ്, ഇൻഫോസിസ് തുടങ്ങിയ വൻകിട ഓഹരികളിലാണ് വ്യാപകമായ വില്പന സമ്മർദ്ദം ഉണ്ടായത്. റിലയൻസ്, എച്ച്.‌ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, ടി.സി.എസ് തുടങ്ങിയ ഓഹരികളിലുണ്ടായ കനത്ത നഷ്ടം സെൻസെക്സിലെ 400 പോയിന്റോളം താഴാനിടയാക്കി.

നിഫ്റ്റി 50 സൂചികയിൽ എച്ച്.സി.എൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ 2.60 ശതമാനം മുതൽ 3.75 ശതമാനം വരെ തകർച്ചയിലെത്തിയപ്പോൾ ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയവ 2.50 ശതമാനം വരെ നേട്ടമുണ്ടാക്കി.