innocent-babu-tilakan

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് രാജിവച്ച പാർവതി തിരുവോത്തിന് പിന്തുണയുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. പാർവതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെൺകുട്ടി. അവർ പുറത്തുപോകേണ്ട കാര്യമില്ല. അവർ പറഞ്ഞതുപോലെ അയാൾ തന്നെയാണ് പുറത്തുപോകേണ്ടത്. പാർവതി ചെയ്‌തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവർക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകൻ പറയുന്നു. സംഭവത്തിൽ പാർവതിയെ പിന്തുണയ്‌ക്കുന്ന അമ്മ സംഘടയിലെ ആദ്യ അംഗമാണ് ഷമ്മി തിലകൻ. ഏഷ്യാവില്ലേയ‌്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടവേള ബാബുവിനും ഇന്നസെന്റിനുമെതിരെ കടുത്ത വിമർശമാണ് ഷമ്മി തിലകൻ ഉന്നയിച്ചത്. 'പുറത്താക്കാനായിട്ട് ആർക്കും തന്നെ അമ്മ സംഘടനയിൽ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണ്. ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനയാണത്. അതിൽ പറയുന്ന നിയമാവലികൾ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആർക്കും തന്നെയില്ല. അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാർവ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്'-ഷമ്മി തിലകൻ പറയുന്നു .

സംഘടനയ്ക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് ഇടവേള ബാബു ആ അഭിമുഖത്തിൽ പറയുന്നത് കണ്ടു. രേഖാ മൂലം കിട്ടിയ പരാതികൾക്കൊക്കെ അവർ എന്ത് നടപടിയാണ് എടുത്തത് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. സംഘടനാ പ്രസിഡന്റ് മോഹൻലാൽ എന്നെ ഏൽപിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ അമ്മ അസോസിയേഷന്റെ രേഖകളും കാര്യങ്ങളുമെല്ലാം നോക്കിയൊരു ഓഡിറ്റിംഗ് നടത്തി. ഒരു റിസർച്ച് പോലെ ഞാൻ നടത്തിയ ഓഡിറ്റിൽ നിന്നും എനിക്ക് കിട്ടിയ വിവരങ്ങൾ കാണിച്ച് മോഹൻലാലിന് ഞാനൊരു കത്ത് കൊടുത്തിട്ടുണ്ട്. (മോഹൻലാൽ ആവശ്യപ്പെട്ടിട്ട് ഒരു കമ്മീഷനെ പോലെ ഞാൻ പ്രവർത്തിക്കുകയാണ് ചെയ്തത്. ഔദ്യോഗികമായിട്ടല്ല അദ്ദേഹമെന്നോട് ആവശ്യപ്പെട്ടത് ).

'ആ കത്തിനകത്ത് ഈ കാര്യങ്ങൾ എല്ലാം ഞാൻ വിശദമാക്കിയിട്ടുണ്ട്. ഇതിലൊരു 12 കാര്യങ്ങൾ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്. അതിൽ ഒരു പോയിന്റ് ഇടവേള ബാബുവിന്റെ രാജി ആവിശ്യപ്പെട്ടുളളതാണ്. അയാളെ പോലെയുള്ള ഒരാൾ പുറത്തു പോകണം എന്ന് തന്നെയാണ് ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസിഡന്റിനെ അഡ്രസ് ചെയ്തു കൊണ്ടാണ് ഞാനത് എഴുതിയത്. അതിന്റെ മുകളിൽ എന്ത് നടപടിയാണ് ഇതുവരെ എടുത്തിട്ടുള്ളത്?'. വേണ്ട സമയത്ത് കൃത്യമായി നടപടി എടുത്തിരുന്നു എങ്കിൽ പാർവതിയൊക്കെ പുറത്തുപോകേണ്ടി വരുമായിരുന്നോ എന്നും ഷമ്മി തിലകൻ ചോദിക്കുന്നു.