binu

കളമശേരി: മോഹൻലാലിന്റെ എളമക്കരയിലെ വസതിയിൽ എന്നും പുലർച്ചെ അഞ്ചരയ്ക്ക് എത്തും ബിനു. ലാലിന്റെ ഓമനകളായ സ്പാർക്കും ട്വി‌ക്സും അതോടെ ഉഷാറാവും. വർഷങ്ങളായി രണ്ടു നായ്‌ക്കളെയും പരിചരിക്കുന്നത് മഞ്ഞുമ്മൽ സ്വദേശി ബിനുവാണ്. ലാലിന്റെ മറ്റു രണ്ടു നായ്‌ക്കൾ ബിനുവിന്റെ വീട്ടിലെ സ്റ്റോം കെന്നൽസിലും ഉണ്ട്. ബെൽജിയം ബോക്സർ ഇനത്തിലെ ഫെന്നിയും സൈബീരിയൻ സ്പായും. സ്പായുടെ വില ഒരു ലക്ഷം രൂപ.

മറ്റൊരു സിനിമാ ബന്ധംകൂടിയുണ്ട്. സിനിമകളിൽ വീരശൂര പരാക്രമികളായി പ്രത്യക്ഷപ്പെടുന്ന നായ്ക്കളുടെ ഉടമയാണ്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലാബ്രഡോറുമായി മോഹൻലാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയപ്പോൾ തുടങ്ങിയ ബന്ധമാണ്. ജയസൂര്യ, അനൂപ് മേനോൻ, ശരത് കുമാർ, സലിം കുമാർ, സിദ്ദിക്ക്, ഊർമ്മിള ഉണ്ണി തുടങ്ങിയവരുടെ നായകളുടെ പരിശീലനവും ഗ്രൂമിംഗും ചെയ്യുന്നുണ്ട്.

 സ്റ്റോം കെന്നൽസ്

വീടിന്റെ മുകൾ നിലയിലാണ് സ്റ്റോം കെന്നൽസ്. ടൈൽ പാകിയ 12 കൊച്ചു മുറികൾ. ബാത്ത് ടബ്ബ്,​ ഫാൻ, എ. സി. പ്രത്യേകം സെപ്റ്റിക് ടാങ്ക്, കാമറ, മ്യൂസിക്ക് സിസ്റ്റം.

ഒന്നര മാസം മുതൽ 14 വയസ് വരെയുള്ള 14 പേരുണ്ടിപ്പോൾ. ബീൻ, കുഞ്ഞി, ഹ്യൂഗോ,​ നിക്‌സ് എന്നീ നായക്കുട്ടികളും ഉണ്ട്. ബിനുവിനൊപ്പം ഒരു മുറിയിലാണ് കിടപ്പ്.

 ഹൃദയം തൊട്ട സ്നേഹം

എട്ടാം വയസിൽ തെരുവിൽ കിടന്ന പട്ടിക്കുഞ്ഞിനെ ബാഗിലാക്കി വീട്ടിൽ കൊണ്ടുവന്നാണ് തുടക്കം. പിന്നെ ​ പൂച്ചയായി, പരുന്തായി, മുയലായി. തത്തയും മത്സ്യങ്ങളും വരെ വീട്ടിലെത്തി.

 സി.ഐ.ഡി മൂസയിലെ റെക്സ്

ബന്ധുവിന്റെ രോഗബാധിതനായ ജർമ്മൻ ഷെപ്പേർഡിനെ ബിനുവിനെ ഏല്പിച്ചു. മരുന്നും ഭക്ഷണവും സ്നേഹവും കൊടുത്ത് അവനെ മിടുക്കനാക്കി. അവനാണ് " റെക്സ് ." സി ഐ ഡി മൂസയിൽ വില്ലന് പണികൊടുത്ത അർജുൻ. അതോടെ ബന്ധുവിന് അവനെ വേണം. ചങ്കായ റെക്സിനെ കൊടുത്തില്ല. അതേ വംശത്തിലെ കുഞ്ഞിനെ കൊടുത്തു. റെക്സ് ഇപ്പോഴില്ല. ആ വേർപാട് വേദനയാണ്.

രാക്ഷസ രാജാവ്, വാണ്ടഡ്, നാട്ടുരാജാവ്, ഉസ്താദ്, ബ്ളാക്ക്ഡാലിയ, ഭ്രമരം, സാഗർ ഏലിയാസ് ജാക്കി, തുടങ്ങിയ സിനിമകളിലും പല സീരിയലുകളിലും ബിനുവിന്റെ നായ്‌ക്കൾ അഭിനയിച്ചിട്ടുണ്ട്.