
പാരീസ്: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ ചെറുക്കാൻ ഫ്രാൻസിൽ വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡിന്റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എന്നാൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ശനിയാഴ്ച മുതൽ രാജ്യത്തെ ഒമ്പത് പ്രമുഖ നഗരങ്ങളിൽ കർഫ്യൂ നിലവിൽ വരും. രാത്രി ഒമ്പത് മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യൂ. പാരീസ്, മാർസേയ്, ടൂളൂസ്, മോണ്ട്പെല്ലിയർ തുടങ്ങിയ നഗരങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നാല് ആഴ്ച നീണ്ടുനിൽക്കും. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 135 യൂറോ ആണ് പിഴ. ബുധനാഴ്ച ഫ്രാൻസിൽ 22,591 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് 20,000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഫ്രാൻസിൽ ഇതുവരെ 32,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഫ്രാൻസിൽ ഇത് രണ്ടാം തവണയാണ് കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ
വാക്സിൻ ലഭിച്ചേക്കില്ലെന്ന് ഡബ്ല്യു.എച്ച്.ഒ
ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കൊവിഡ് വാക്സിൻ ലഭിക്കാൻ സാദ്ധ്യതയില്ലന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ.
ആരോഗ്യപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായമുളളവരേയും ദുർബല വിഭാഗക്കാരെയുമാണെന്ന് സൗമ്യ പറഞ്ഞു.
' മുൻനിര കൊവിഡ് പ്രതിരോധ പ്രവർത്തകരിൽ നിന്നുമാണ് ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതൽ അപകടസാദ്ധ്യതയുളളവർ ആരൊക്കെയാണെന്ന് നിർണയിക്കേണ്ടതുണ്ട്. അവർക്ക് ശേഷം പ്രായമായവർ. ആരോഗ്യമുളള ചെറുപ്പക്കാർക്ക് 2022 വരെ കാത്തിരിക്കേണ്ടി വരും.' - സൗമ്യ പറയുന്നു.70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ വ്യാപനം തടയാൻ കഴിയുകയുള്ളൂവെന്ന കാര്യവും സൗമ്യ അഭിപ്രായപ്പെട്ടു.
കൊവിഡിനെതിരെ ആർജ്ജിത പ്രതിരോധശേഷി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും ആളുകൾക്ക് വാക്സിൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും നേരത്തേ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു.