us-election

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഭൂരിപക്ഷം ഇന്ത്യൻ വംശജർക്കും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ ജോ ബൈഡനും കമല ഹാരിസിനും വോട്ട് ചെയ്യാനാണ് താത്പര്യമെന്ന് സർവേ ഫലം.

72 ശതമാനം ഇന്ത്യൻ വംശജർ ജോ ബൈഡനും 22 ശതമാനം പേർ ഡൊണാൾഡ് ട്രംപിനും വോട്ട് രേഖപ്പെടുത്തുമെന്ന് അറിയിച്ചു. മൂന്നു ശതമാനം പേർ മൂന്നാമതൊരു സ്ഥാനാർത്ഥിക്കും മൂന്നു ശതമാനം പേർ വോട്ട് ചെയ്യുന്നില്ലെന്ന നിലപാടും സ്വീകരിച്ചതായി 2020 ഇന്ത്യൻ - അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവെ വ്യക്തമാക്കുന്നു.

സെപ്തംബറിൽ 936 ഇന്ത്യൻ വംശജരായ യു.എസ് പൗരന്മാരിലാണ് സർവെ നടത്തിയത്. പോളിംഗ് കമ്പനിയായ യൂഗോവുമായി സഹകരിച്ച് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, പെൻസിൽവാനിയ യൂണിവേഴ്സിറ്റി എന്നിവരാണ് സർവെ സംഘടിപ്പിച്ചത്.

ഇന്ത്യൻ - അമേരിക്കൻ വംശജർ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ പുലർത്തുന്നവരാണെങ്കിലും ഡെമോക്രാറ്റിക് ടിക്കറ്റിൽ മൽസരിക്കുന്ന കമല ഹാരിസിന്റെ സാന്നിദ്ധ്യം പാർട്ടിക്ക് ഗുണം ചെയ്യും. കൂടാതെ, കമലയുടെ മാതാവ് ഇന്ത്യയിൽ നിന്ന് കുടിയേറിയതാണെന്ന യാഥാർത്ഥ്യം കനത്ത പോരാട്ടം നടക്കുന്ന പെൻസിൽവാനിയ, ഫ്‌ളോറിഡ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിൽ ബൈഡനെ തുണക്കുമെന്നാണ് വിലയിരുത്തൽ.