akkitham

കുമരനെല്ലൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പൂർണ മരണാനന്തര ബഹുമതികളോടെ വിടനൽകി മലയാള നാട്. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മൂത്ത മകൻ വാസുദേവൻ നമ്പൂതിരിയാണ് ചിതയ്‌ക്ക് അഗ്നിപകർന്നത്. സ്വവസതിയായ ദേവായനത്തിലെ വളപ്പിലാണ് ചിത ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമായിരുന്നു സംസ്‌കാരം.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.55നായിരുന്നു അക്കിത്തത്തിന്റെ (94) അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യത്തെ തുടർന്നാണ് അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉളളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. സെപ്തംബർ 24നാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞദിവസം പുതൂർ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.