
ദുബായ് : കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് അണിഞ്ഞിരുന്ന ചെന്നൈ സൂപ്പർകിംഗ്സിന്റെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ ഇപ്പോൾ അണിയുന്നത് വാട്ടർ ബോയ്‌യുടെ തൊപ്പി. 2019ൽ 17 മത്സരങ്ങളിൽനിന്ന് 26 വിക്കറ്റുകൾ പിഴുതെടുത്ത താരത്തെ യുഎഇയിൽ നടക്കുന്ന ഐ.പി.എല്ലിൽ ഒരു മത്സരത്തിൽ പോലും ഇതുവരെ കളിപ്പിച്ചിട്ടില്ല.
ഡഗ്ഔട്ടിൽ ഒതുങ്ങിപ്പോയ താഹിർ കളിക്കാർക്ക് വെള്ളം കൊടുക്കാനാണ് ഇപ്പോൾ ഗ്രൗണ്ടിലെത്തുന്നത്. താഹിറിനെ പോലൊരു മുതിർന്ന താരത്തെ വെള്ളം വിതരണം ചെയ്യാൻ ഗ്രൗണ്ടിലേക്കു പറഞ്ഞുവിടുന്നത് ചില ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. പലരും പ്രതിഷേധം ഉയർത്തി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇതൊന്നും അത്ര വിഷയമാക്കേണ്ടതില്ലെന്നാണ് ഇമ്രാൻ താഹിർ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതും ടീമിന് വേണ്ടിയാണെന്നും മുൻപ് പല താരങ്ങളും തനിക്കും ഇങ്ങനെ വെള്ളം നൽകിയിട്ടുണ്ടെന്നും താഹിർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.