
മുംബയ് : ഗുരുതരാവസ്ഥയിൽ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലിൽ ഐ.സി.യുവിൽ കഴിയുന്ന ബോളിവുഡ് നടൻ ഫറാസ് ഖാന്റെ ( 46 ) കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടൻ സൽമാൻ ഖാൻ. ഫറാസ് ഖാന്റെ ആശുപത്രി ബിൽ അടയ്ക്കാമെന്ന് സൽമാൻ അറിയിച്ചതായി നടി കാശ്മീര ഷായാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സൽമാൻ ഫറാസിനും കുടുംബത്തിനും ഒപ്പം നിൽക്കാൻ കാണിക്കുന്ന നല്ല മനസിനെ കാശ്മീര അഭിനന്ദിക്കുകയും ചെയ്തു.
അപകടാവസ്ഥയിൽ കഴിയുന്ന ഫറാസ് ഖാന്റെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഷഹ്‌മാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഫറാസിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ 25 ലക്ഷം രൂപ ആവശ്യമായി വരുമെന്ന് ഷഹ്‌മാൻ ഖാൻ പറഞ്ഞിരുന്നു. ഫറാസിന് സഹായ വാഗ്ദാനവുമായി നടി പൂജ ഭട്ടും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
90കളുടെ മദ്ധ്യത്തിലും 2000 ത്തിന്റെ തുടക്കത്തിലും ഏറെ ശ്രദ്ധ നേടിയ യുവ നടൻ ആയിരുന്നു ഫറാസ് ഖാൻ. ഫരേബ് ( 1996 ), മെഹന്ദി ( 1998 ), ദുൽഹൻ ബാനു മെയിൻ തേരി ( 1999 ), ചന്ദ് ബുജ് ഗയ ( 2005 ) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഒക്ടോബർ 8നാണ് ഫറാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർഷങ്ങളായി ചെസ്റ്റ് ഇൻഫെൻഷൻ ഫറാസിനെ അലർട്ടിയിരുന്നു. ഇത് മസ്തിഷ്കത്തിൽ അണുബാധയ്ക്ക് കാരണമായതോടെയാണ് നില ഗുരുതരമായത്.