
ദുബായ് : ക്രിക്കറ്റ് താരങ്ങളുടെ വിവരങ്ങൾ ഗൂഗിൾ തെറ്റായി നൽകുന്നത് തുടർക്കഥയാകുന്നു. സച്ചിൻ ടെൻഡുൽക്കറുടെ മകളായ സാറ അവിവാഹിതനായ യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റെ ഭാര്യയാണെന്നാണു ഗൂഗിളിന്റെ പുതിയ ‘കണ്ടെത്തൽ’. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമയെ അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യയെന്നു കാണിച്ചു ദിവസങ്ങൾക്കു മുൻപ് ഗൂഗിളിന് ഒരു പിഴവ് പറ്റിയിരുന്നു. അതിനുമുമ്പ് മലയാളി ക്രിക്കറ്റർ സന്ദീപ് വാര്യരുടെ ചിത്രത്തിന് പകരം ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയിരുന്നു.
ശുഭ്മാൻ ഗില്ലിന്റെ ഭാര്യ എന്ന് ഗൂഗിളിൽ തിരയുമ്പോഴാണ് സാറ ടെൻഡുൽക്കറുടെ പേര് ലഭിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകൾ ഗില്ലുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗില്ലും സാറയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ശുഭ്മാന്റെ ചിത്രങ്ങൾക്ക് സാറ പ്രതികരിക്കാറുമുണ്ട്. അടുത്തിടെ ശുഭ്മാൻ ഗിൽ ഒരു കാറിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഹാർട്ട് ഇമോജി നൽകിയാണു സാറ പ്രതികരിച്ചത്.
മറ്റൊരു ഹാർട്ട് ഇമോജി നൽകി ശുഭ്മാൻ സാറയുടെ പ്രതികരണത്തെ സ്വീകരിച്ചു. ഇതോടെയാണ് ഗില്ലിനെയും സാറയെയും കുറിച്ച് അഭ്യൂഹങ്ങളും ഉയർന്നത്.
അനുഷ്ക ശർമയും പ്രീതി സിന്റയുമാണ് പ്രിയപ്പെട്ട ബോളിവുഡ് നടിമാരെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് ഖാന്റെ ഭാര്യയാണ് അനുഷ്കയെന്ന് ഗൂഗിളിന് പിഴവ് പറ്റിയത്.