
തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തിൽ ഭക്തർ പാലിക്കേണ്ടുന്ന കൊവിഡ് പ്രതിരോധ മാർഗങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനം നടത്താവുന്നതാണെന്നും രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കൈയിൽ കരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇങ്ങനെ നിർദേശിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനല്ലെന്നും കൊവിഡ് വന്ന് പോയവർക്ക് പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മല കയറാൻ ആരോഗ്യമുണ്ട് എന്ന് വ്യക്തമാക്കുന്നത് നല്ലതാണ്. രോഗമില്ലാത്തവരായാലും കൊവിഡ് കാലത്ത് പലരും വീട്ടിൽത്തന്നെ കഴിഞ്ഞവരാണ്. അതിന്റെ ഭാഗമായി പെട്ടെന്ന് മല കയറിയാലും പ്രശ്നമുണ്ടായേക്കാം. പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദമുള്ളത്. വിർച്വൽ ക്യൂവിൽ ബുക്കിംഗ് നടത്തിയപ്പോൾ ദർശനത്തിന് നൽകിയ സമയവും തിയതിയും കൃത്യമായി പാലിക്കണം.'-മുഖ്യമന്ത്രി വിശദീകരിച്ചു.
ദർശനത്തിന് വരുന്നവർ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. മല കയറുമ്പോ മാസ്ക് ധരിക്കൽ പ്രയാസമാണ്. മറ്റെല്ലാ സമയത്തും മാസ്ക് ധരിക്കുകയും വേണം. സാനിറ്റൈസർ, മാസ്ക്, കയ്യുറകൾ എല്ലാം കരുതണം. അവ വേണ്ടവിധം ഉപയോഗിക്കണം. മല കയറുമ്പോഴും ദർശനസമയത്തും പൊലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ദർശത്തിന് എത്തുന്ന ഭക്തർ കൂട്ടം ചേർന്ന് സഞ്ചരിക്കാൻ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചേ ദർശനത്തിന് എത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചു. 48 മണിക്കൂർ മുമ്പേയുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കു. പമ്പയിൽ കുളിക്കാനാവില്ല. കുളിക്കാൻ പ്രത്യേക ഷവറുകളുണ്ടാകും. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് എത്താനാകൂ എന്നും മറ്റെല്ലാ വഴികളും അടച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.