
ദുബായ്: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബൗളറായി ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ അൻറിക്ക് നോർക്കിയ. കഴിഞ്ഞ രാത്രി രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിലാണ് അൻറിക്ക് മണിക്കൂറിൽ 156.2 കിലോമീറ്റർ (97.06 മൈൽ/ മണിക്കൂർ)വേഗത്തിൽ പന്തെറിഞ്ഞത്. ഇന്നിംഗ്സിലെ മൂന്നാം ഓവറിൽ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ട്ലറാണ് ഈ പന്ത് നേരിട്ടത്.
154.40 കിലോമീറ്റർ / മണിക്കൂർ എന്ന ദക്ഷിണാഫ്രിക്കൻ പേസർ ഡേൽസ്റ്റെയ്നിന്റെ റെക്കാഡാണ് അൻറിക്ക് തിരുത്തിയത്. സ്റ്റെയ്നിന്റെ റെക്കാഡിനേക്കാൾ മെച്ചപ്പെട്ട മൂന്ന് പന്തുകളാണ് അൻറിക്ക് എറിഞ്ഞത്. ഇതിലൊന്നിൽ ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ആകെ രണ്ട് വിക്കറ്റുകൾ നേടിയ അൻറിക്കാണ് മാൻ ഒഫ് ദ മാച്ചായതും.
ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ പന്താണ് എറിഞ്ഞതെന്ന് കളി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്. വേഗത്തേക്കാൾ ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞതിൽ സന്തോഷം.
- അൻറിക്ക് നോർക്കിയ