uefa-football

ലണ്ടൻ : യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസും യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലും വിജയം കണ്ടപ്പോൾ ഇംഗ്ളണ്ടിന് തോൽവിയും ഇറ്റലിക്ക് സമനിലയും.

ഫ്രാൻസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ എതിരാളി ക്രൊയേഷ്യയെയാണ് കീഴടക്കിയത്. എട്ടാം മിനിട്ടിൽ ഗ്രീസ്മാനും 79-ാം മിനിട്ടിൽ കിലിയാൻ എംബാപ്പെയുമാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. സ്വന്തം തട്ടകമായ സാഗ്രെബിൽ നടന്ന മത്സരത്തിന്റെ 64-ാം മിനിട്ടിൽ വ്ളാസിച്ചാണ് ക്രൊയേഷ്യയുടെ ആശ്വാസഗോൾ നേടിയത്.

ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാർക്കാണ് ഇംഗ്ളണ്ടിനെ കീഴടക്കിയത്. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 35-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ എറിക്സണാണ് ഡെന്മാർക്കിന്റെ വിജയഗോൾ നേടിയത്. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിട്ടിൽ ലോറെൻസോ പെല്ലെഗ്രിനിയിലൂടെ മുന്നിലെത്തിയിരുന്ന ഇറ്റലിയെ 25-ാം മിനിട്ടിൽ വാൻഡെർ ബീക്ക് നേടിയ ഗോളിനാണ് ഹോളണ്ട് സമനിലയിൽ കുരുക്കിയത്.

കൊവിഡ് ബാധിതനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കൂടാതെ ഇറങ്ങിയ പോർച്ചുഗലിന് ഡീഗോ യോട്ടയുടെ ഇരട്ടഗോളുകളും ബെർണാഡോ സിൽവയുടെ ഗോളുമാണ് സ്വീഡനെതിരെ തകർപ്പൻ വിജയം നൽകിയത്. 21-ാം മിനിട്ടിൽ സിൽവയിലൂടെയാണ് പറങ്കികൾ അക്കൗണ്ട് തുറന്നത്. 44,72 മിനിട്ടുകളിൽ യോട്ട വലകുലുക്കി.

സൂപ്പർ സ്ട്രൈക്കർ റോബർട്ടോലെവാൻഡോവകസ്കിയുടെ ഇരട്ടഗോളുകളും

ലെനേറ്റിയുടെ ഒരു ഗോളുമാണ് ബോസ്നിയയ്ക്ക് എതിരെ പോളണ്ടിന് 3-0ത്തിന്റെ വിജയം നൽകിയത്. മറ്റൊരു മത്സരത്തിൽ ബെൽജിയം 2-1ന് ഐസ്‌ലാൻഡിനെ കീഴടക്കി. ബെൽജിയത്തി്നറെ രണ്ട് ഗോളുകളും നേടിയത് സൂപ്പർ താരം റൊമേലു ലുക്കാക്കുവാണ്. 9-ാം മിനിട്ടിൽ ലുക്കാക്കുവിലൂടെ മുന്നിലെത്തിയ ബെൽജിയത്തെ 17-ാം മിനിട്ടിൽ സ്വീവർസണിലൂടെ ഐസ്‌ലാൻഡ് സമനിലയിൽ തളച്ചിരുന്നു.എന്നാൽ 38-ാം മിനിട്ടൽ പെനാൽറ്റിയിൽ നിന്ന് ലുക്കാക്കു നേടിയ ഗോൾ ബെൽജിയത്തിന് വിജയം സമ്മാനിച്ചു.

ഡെന്മാർക്ക് 1-ഇംഗ്ളണ്ട് 0

പോർച്ചുഗൽ3 -സ്വീഡൻ 0

ഫ്രാൻസ്2-ക്രൊയേഷ്യ 1

ബെൽജിയം2-ഐസ്‌ലാൻഡ് 1

ഇറ്റലി 1-ഹോളണ്ട് 1

പോളണ്ട് 3- ബോസ്നിയ 0