covid-test

ഫലമറിയാൻ വെറും അഞ്ച് മിനിറ്റ് മാത്രം ആവശ്യമുള്ള കൊവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്ത് ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ. medRxiv എന്ന വെബ്‌സൈറ്റിലാണ്(പ്രീപ്രിന്റ് സർവർ) ഈ നൂതന പരിശോധനാ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ടെസ്റ്റ് ഉപയോഗിച്ച് നെഗറ്റീവെന്ന് കണ്ടെത്തിയ ശരീര സാംപിളുകളിൽ നിന്നുപോലും കൊവിഡ് രോഗത്തിന് കാരണമായ 'സാർസ് കോവ് 2'വിനെ ഏറെ കൃത്യതയോടെ, പ്രത്യേകമായി തിരിച്ചറിയാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

മറ്റ് ശ്വാസകോശ രോഗങ്ങൾക്ക് കാരണമായ വൈറസുകളിൽ നിന്നും കൊവിഡ് വൈറസിനെ തെറ്റുകൂടാതെ കണ്ടെത്താനും ഈ ടെസ്റ്റ് ഉപയോഗിച്ച് സാധിക്കും. മാത്രമല്ല ഈ പുതിയ കൊവിഡ് ടെസ്റ്റ് വഴി ഏറെ സമയം ആവശ്യമായുള്ള സാംപിൾ വിശകലന, പരിശോധനാ നടപടികൾ(ജീനോം എക്സ്ട്രക്ഷൻ അടക്കമുള്ളവ) ഒഴിവാക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടികാണിക്കുന്നുണ്ട്.

കൊവിഡ് കണ്ടെത്താനുള്ള ഈ ബദൽ പരിശോധന സംവിധാനത്തിന് റോയൽ സൊസൈറ്റി ഡൊറോത്തി ഹോഡ്ജ്കിൻ റിസേർച്ച് ഫെല്ലോഷിപ്പ് ആണ് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയത്. 'ഓക്സ്ഫോർഡ് നാനോ ഇമേജിംഗി'ൽ നിന്നുമുള്ള മൈക്രോസ്കോപ്പുകളും, പരിശോധനാ സാമ്പിളുകളുടെ സൂക്ഷ്മ ഘടകങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് രോഗ നിർണയം നടത്തുന്ന ഈ പരിശോധനാ സംവിധാനം കണ്ടെത്താനുള്ള ഗവേഷണത്തെ സഹായിച്ചിരുന്നു.

നാനോ ഇമേജിംഗ് മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ വിശകലനം ചെയ്ത് കൊവിഡ് വൈറസിന്റെ രാസഘടന, ആകൃതി, വലിപ്പം എന്നിവ നിർണയിക്കാനാകും. ഓക്സ്ഫോർഡിലെ ജോൺ റാഡ്ക്ലിഫ് ആശുപത്രിയിലെ ആർ.ടി-പി.സി.ആർ ടെസ്റ്റിൽ നിന്നും ലഭിച്ച സാംപിളുകളാണ് ഈ പുതിയ കൊവിഡ് പരിശോധനാ സംവിധാനത്തിനായി ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തിയത്. വിമാനത്താവളങ്ങളിലെയും മറ്റും കൊവിഡ് പരിശോധനയ്ക്ക് ഇനി ഈ മാർഗം ഉപയോഗിക്കാനാകുമെന്നും അങ്ങനെ ചെയ്യുന്നത് വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് സഹായകമാകുമെന്നും ശാസ്ത്രജർ ചൂണ്ടിക്കാണിക്കുന്നുണ്ട്.