
വാഷിംഗ്ടൺ: തായ്‌വാൻ കടലിടുക്കിലുള്ള അമേരിക്കൻ യുദ്ധക്കപ്പലിന്റെ സാന്നിദ്ധ്യം ചെെനയെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. യു.എസ്-ചെെന ബന്ധം ദീർഘകാലമായി മോശമായി വരുന്നതിനിടെയാണ് തങ്ങളുടെ ഭരണപ്രദേശമെന്ന് ചെെന സ്വയം അവകാശപ്പെടുന്ന തായ്‌വാൻ തീരത്തുടെയുള്ള യു.എസ് യുദ്ധക്കപ്പലിന്റെ യാത്ര. എന്നാൽ ഇതൊരു പതിവ് യാത്രയാണെന്നാണ് യു.എസ് സേന വ്യക്തമാക്കുന്നത്.
ശത്രുരാജ്യത്തിന്റെ മിസൈലുകളെ നിർവീര്യമാക്കാൻ സാധിക്കുന്ന യു.എസ്.എസ് ബാരി എന്ന യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം തായ്‌വാൻ തീരത്തിന് സമീപം കടന്നുപോയതായി പറയപ്പെടുന്നത്. യു.എസിന് ഇന്ത്യോ പസഫിക്ക് മേഖലയിലുള്ള താൽപര്യത്തെ ഇത് സൂചിപ്പിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടതെല്ലാം തങ്ങളുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും എത്തിക്കുമെന്നും യു.എസ് നാവിക സേന അറിയിച്ചു. ചെെനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.എസ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രദേശത്തുള്ള യു.എസ് നേവിയുടെ സാന്നിദ്ധ്യം തങ്ങളെ തായ്‌വാനിൽ നിന്നും വേർപ്പെടുത്തുമെന്നാണ് ചെെന ഭയക്കുന്നത്. തായ്‌വാൻ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും സ്ഥിതിഗതികൾ വഷളാക്കാനുമാണ് യു.എസ് നടപടി. ഇത് അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് അന്തിമ മുന്നറിയിപ്പും നൽകുന്നതായും ചെെന പറഞ്ഞു. തായ്‌വാന് സ്വന്തം പതാക, കറൻസി, സൈന്യം എന്നിവയുണ്ടെങ്കിലും ഒരു സ്വതന്ത്ര രാജ്യമായി യു.എൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.