
മുംബയ്: ഇന്ത്യയിലെ ആദ്യ ഓസ്‌കാർ പുരസ്കാര ജേതാവും പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ദ്ധയുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മകൾ രാധികയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മരണവിവരം പുറത്തുവിട്ടത്.
1982 ഏപ്രിൽ 11നാണ് റിച്ചാർഡ് ആറ്റൻ ബറോ ഒരുക്കിയ 'ഗാന്ധി" എന്ന സിനിമയ്ക്ക് വസ്ത്രാലങ്കാരം നിർവഹിച്ച് ഭാനു അത്തയ്യ ഓസ്‌കാർ നേടിയത്.
1956ൽ ഗുരുദത്തിന്റെ സി.ഐ.ഡി എന്ന ചിത്രത്തിന് വസ്ത്രങ്ങൾ ഒരുക്കിയാണ് ഭാനു അത്തയ്യ സിനിമാ ജീവിതം ആരംഭിച്ചത്. ഗുരുദത്ത്, യാഷ് ചോപ്ര, രാജ് കപൂർ, ആഷുതോഷ് ഗോവാരിക്കർ, കൊൺട്രാഡ് റൂക്ക്സ് തുടങ്ങിയ ചലച്ചിത്ര പ്രതിഭകളുടെ സിനിമകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
ഓസ്‌കാർ പുരസ്കാരം കൂടാതെ 1991ലും (ലേക്കിൻ) 2002ലും (ലഗാൻ) ദേശീയ പുരസ്കാരവും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ നിരവധി അവാർഡുകളും ഭാനു നേടിയിട്ടുണ്ട്. പ്യാസ, സഹീബ്, ബീവി ഓർ ഗുലാം, ജോണി മേരാ നാം, വക്ത്, അഗ്നിപഥ്, 1942 എ ലവ് സ്റ്റോറി, ലേകിൻ, ലഗാൻ, സ്വദേശ് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചു. ലഗാനിലൂടെ ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. 2012ൽ തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം അമേരിക്കൻ അക്കാഡമി ഒഫ് മോഷൻ പിക്ചർ ആർട് ആൻഡ് സയൻസസിനു മടക്കി നൽകാൻ ഭാനു താത്പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ കാലശേഷം പുരസ്കാരം സൂക്ഷിക്കാൻ കുടുംബത്തിനോ സർക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാലായിരുന്നു ഇത്.
ഭാനു അത്തയ്യ
 1929 ഏപ്രിൽ 28ന് മഹാരാഷ്ട്രയിലെ കൊലാലംപൂരിലാണ് ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായ എന്ന ഭാനു അത്തയ്യ ജനിച്ചത്.
 സ്വർണ മെഡൽ നേടിയാണ് ഭാനു ബിരുദം പൂർത്തിയാക്കിയത്.
 തുടർന്ന് മുംബയിലെ ഈവ്സ് മാസിക ഉൾപ്പെടയുള്ള മാഗസിനുകളിൽ ഇല്ലസ്ട്രേറ്ററായി ജോലി ചെയ്തു.
ഇതിനിടെ ഒരു ബൊട്ടീക്കിൽ ഫാഷൻ ഡിസൈനറായി തിരിഞ്ഞതോടെയാണ് ഭാനുവിലെ വസ്ത്രാലങ്കാര വൈദഗ്ദ്ധ്യം പുറംലോകമറിഞ്ഞത്.