india-china

ന്യൂഡൽഹി : അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ നടത്തുന്ന അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കെതിരെ ചൈന നടത്തുന്ന അഭിപ്രായ പ്രടകനങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈനയ്ക്ക് അഭിപ്രായം പറയുന്നതിനുള്ള അവകാശമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ സംഘർഷാവസ്ഥയെ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ചൈനീസ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ മറുപടി നൽകിയിരിക്കുന്നത്. അതിർത്തി പ്രദേശത്ത് 44 പാലങ്ങൾ അടുത്തിടെ ഇന്ത്യ തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ അഭിപ്രായമെത്തിയത്. അതിർത്തിയിലെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ കാരണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞിരുന്നു. അരുണാചൽ പ്രദേശിനെയും ലഡാക്കിനെയും തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ചൈന പറഞ്ഞിരുന്നു.

' കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീർ, ലഡാക് എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. അതു പോലെ തന്നെയാണ് അരുണാചൽ പ്രദേശും. അത് നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉന്നതതല ചർച്ചകളിലടക്കം ചൈനയോട് പല അവസരത്തിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ' വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറ‌ഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അവകാശം ചൈനയ്ക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.