drug-case

മുംബയ്: ബംഗളൂരു മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിയുന്ന ആദിത്യ ആൽവയെ തേടി ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ മുംബയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.

കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനായ ആദിത്യ ആൽവ വിവേകിന്റെ ഭാര്യാസഹോദരനാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു പരിശോധന.

'വിവേക് ഒബ്‌റോയിയുടെ വീട്ടിൽ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. വാറണ്ട് വാങ്ങിയിരുന്നുവെന്നും' പൊലീസ് വ്യക്തമാക്കി. ആദിത്യയുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു.കന്നഡ സിനിമാമേഖലയിലെ താരങ്ങൾക്കും ഗായകർക്കും മയക്കുമരുന്ന് വിതരണം ചെയ്തുവെന്നാണ് ആദിത്യയ്ക്കെതിരായ ആരോപണം. കേസിൽ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ 15 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.