-wife-to-live-inside-toil

പാനിപ്പട്ട് (ഹരിയാന): ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിൽ പൂട്ടിയിട്ട സ്ത്രീയെ രക്ഷപ്പെടുത്തി. ഹരിയാന പാനിപ്പട്ടിലെ റിഷ്‌പൂർ ഗ്രാമത്തിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ വനിതാസംരക്ഷണ, ബാലവിവാഹ നിരോധന ഓഫീസർ രജിനി ഗുപ്തയും സംഘവുമാണ് ഇവരെ മോചിപ്പിച്ചത്.

ടോയ്‌ലറ്റിന്റെ പൂട്ട് പൊളിച്ച് യുവതിയെ കണ്ടപ്പോൾ സഹിക്കാനായില്ലെന്ന് രജനി ഗുപ്ത പറഞ്ഞു. 'വളരെ ദയനീയാവസ്ഥയിലായിരുന്നു അവർ. ദിവസങ്ങളായി ഭക്ഷണം ലഭിച്ചിരുന്നില്ല. കുളിച്ചിട്ടോ, വസ്ത്രം മാറ്റിയിടുത്തിട്ടോ മാസങ്ങളായതുപോലെ തോന്നി. ഞങ്ങൾ അവളെ മോചിപ്പിച്ചു. മുടിയും ശരീരവും കഴുകി വൃത്തിയാക്കി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.'- രജിനി ഗുപ്ത പറഞ്ഞു.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും അതു കൊണ്ടാണ് പൂട്ടിയിട്ടതെന്നുമാണ് ഭർത്താവ് നരേഷിന്റെ വാദം. ഡോക്ടർമാരെ കാണിച്ചെങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ലെന്നും ഭർത്താവ് കൂട്ടിച്ചേർത്തു.

എന്നാൽ സ്ത്രീയുമായി സംസാരിച്ചെന്നും മാനസിക അസ്വാസ്ഥ്യമില്ലെന്ന് ബോദ്ധ്യപ്പെട്ടതായും രജനി പറഞ്ഞു.

രജനിയുടെ പരാതിയിൽ പൊലീസ് നരേഷിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.