
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായി തുടരുന്നു. വെള്ളപ്പൊക്കത്തിലും മഴയിലും പെട്ട് ഏകദേശം 50ഓളം പേർ മരിച്ചതായി തെലങ്കാന സർക്കാർ അറിയിച്ചു. 5,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു. 1,350 കോടി രൂപ ധനസഹായമായി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. സംസ്ഥാനത്ത് 144 ശതമാനം അധികം മഴ ലഭിച്ചെന്നാണ് വിവരം. ഹൈദരാബാദിന്റെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കനത്ത മഴയിൽ നിരവധി വീടുകൾ തകരുകയും കാറുകൾ ഒഴുകി പോകുകയും ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളെ കർണാടകയിലേക്കും മൂന്ന് സംഘങ്ങളെ മഹാരാഷ്ട്രയിലേക്കും അയച്ചിട്ടുണ്ട്.
ആന്ധ്രാ തീരത്തും ശക്തമായ മഴയാണ് പെയ്യുന്നത്. വിശാഖപട്ടണം, കൃഷ്ണ, ഗോദാവരി ജില്ലകളിലും സ്ഥിതി രൂക്ഷമാണ്.
മുംബയ്, കർണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ പ്രളയസമാനമായ സാഹചര്യമാണ് നേരിടുന്നത്. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉന്നതഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുരക്ഷാസേനകളോട് മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടുണ്ട്.