
ഷാർജ : സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റിരുന്ന പഞ്ചാബ് കിംഗ്സ് ഇലവൻ ഇന്നലെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ എട്ട് വിക്കറ്റിന് കീഴടക്കി ആശ്വാസം കണ്ടു. സീസണിലെ ആദ്യ വിജയവും വിരാടിനും സംഘത്തിനും എതിരെയാണ് പഞ്ചാബ് നേടിയിരുന്നത്.
ഇന്നലെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 171/6 എന്ന സ്കോർ ആകാംക്ഷനിറഞ്ഞ അവസാന പന്തിലാണ് പഞ്ചാബ് കിംഗ്സ് ഇലവൻ മറികടന്നത്. ജയിക്കാൻ രണ്ട്റൺസ് മാത്രം മതിയായിരുന്ന അവസാന ഓവറിൽ തട്ടിമുട്ടി നിന്നശേഷം അഞ്ചാം പന്തിൽ ഗെയ്ൽ റൺഔട്ടായതോടെയാണ് സമ്മർദ്ദം കടുത്തത്.എന്നാൽ അവസാനപന്ത് സിക്സടിച്ച് നിക്കോളാസ് പുരാൻ വിജയം നൽകി.
അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ കെ.എൽ രാഹുൽ (49 പന്തുകളിൽ പുറത്താകാതെ 61റൺസ് ) , ക്രിസ് ഗെയ്ൽ (45പന്തുകളിൽ 53 റൺസ് ),45 റൺസടിച്ച മായാങ്ക് അഗർവാൾ എന്നിവരുടെ ബാറ്റിംഗ് മികവാണ് പഞ്ചാബിന് വിജയം നൽകിയത്.
മായാങ്കും രാഹുലും ചേർന്ന് ഓപ്പണിംഗിനിറങ്ങി എട്ടോവറിൽ 78 റൺസടിച്ച് വിജയത്തിന് അടിത്തറ പാകി. മായാങ്കിനെ ചഹൽ ബൗൾഡാക്കിയതോടെ ഈ സീസണിലെ ആദ്യ മത്സരത്തിനായി ഗെയ്ൽ കളത്തിലേക്കിറങ്ങി. ആദ്യം കുറച്ചുപന്തുകൾ പ്രതിരോധിച്ച ശേഷം ഗെയ്ൽ തനതുഫോമിലേക്കുയർന്ന് പന്തുകൾ പറത്താൻ തുടങ്ങി.വിജയം ഉറപ്പായശേഷമാണ് ഉഴപ്പാൻ തുടങ്ങിയത്. രാഹുലും ഗെയ്ലും അഞ്ചുസിക്സ് വീതം പറത്തിയപ്പോൾ മായാങ്ക് മൂന്ന് സിക്സടിച്ചു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ നായകൻ വിരാട് കൊഹ്‌ലിയുടെയും (48 ) അവസാന ഓവറുകളിലെ ക്രിസ് മോറിസിന്റെയും (25*)ബാറ്റിംഗ് മികവിലാണ് 171/6 എന്ന സ്കോറിലെത്തിയത്.
ആരോൺ ഫിഞ്ചും (20)ദേവ്ദത്ത് പടിക്കലും (18) ചേർന്ന ഓപ്പണിംഗ് ജോഡി നന്നായി തുടങ്ങിയെങ്കിലും അധികം മുന്നോട്ടുപോയില്ല. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ ദേവ്ദത്ത് പുറത്തായി.ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ അർഷ്ദീപ് സിംഗിന്റെ പന്തിൽ ഡ്രൈവിന് ശ്രമിച്ച ദേവ്ദത്തിനെ നിക്കോളാസ് പുരാൻ പിടികൂടുകയായിരുന്നു. 12 പന്തുകൾ നേരിട്ട മലയാളി താരം ഓരോ ഫോറും സിക്സും പറത്തിയിരുന്നു.
18 പന്തുകളിൽ രണ്ടുഫോറും ഒരുസിക്സും പായിച്ച ഫിഞ്ച് ഏഴാം ഓവറിലാണ് കൂടാരം കയറിയത്. യുവ സ്പിന്നർ മുരുഗൻ അശ്വിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു ആസ്ട്രേലിയൻ നായകൻ. തുടർന്ന് ക്രീസിൽ നിലയുറപ്പിക്കാൻ നായകൻ വിരാട് കൊഹ്‌ലി ശ്രമിച്ചു. അൽപ്പനേരം പിന്തുണ നൽകിയ ശേഷം വാഷിംഗ്ടൺ സുന്ദർ() 11-ാം ഓവറിൽ മടങ്ങി. അശ്വിന് തന്നെയായിരുന്നു ഈ വിക്കറ്റും.ഇതോടെ ബാംഗ്ളൂർ 86/3 എന്ന നിലയിലായി.
തുടർന്ന് കൊഹ്‌ലിയും ശിവം ദുബെയും ചേർന്ന് 14-ാം ഓവറിൽ 100 കടത്തി. 19 പന്തുകളിൽ രണ്ട് സിക്സടക്കം 23 റൺസ് നേടിയ ദുബെ 16-ാം ഓവറിൽ ടീം സ്കോർ 127ൽ വച്ചാണ് യോർദാന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങിയത്. പകരമെത്തിയത് എ.ബി ഡിവില്ലിയേഴ്സാണ്. എന്നാൽ അഞ്ചുപന്തുകൾ നേരിട്ട ഡിവില്ലിയേഴ്സിനെ ഒരു ബൗണ്ടറിപോലും നേടാൻ അനുവദിക്കാതെ ഷമി കൂടാരം കയറ്റിയത് ബാംഗ്ളൂരിന് തിരിച്ചടിയായി. രണ്ട് പന്തുകൾക്കുശേഷം അർദ്ധസെഞ്ച്വറി തികയ്ക്കാൻ അനുവദിക്കാതെ നായകൻ കൊഹ്‌ലിയെയും ഷമി പുറത്താക്കി.39 പന്തുകളിൽ മൂന്ന് ബൗണ്ടറികൾ പായിച്ച ബാംഗ്ളൂർ നായകൻ പഞ്ചാബിന്റെ നായകന് ക്യാച്ച് നൽകുകയായിരുന്നു. ഇതോടെ ബാംഗ്ളൂർ 136/6 എന്ന നിലയിലായി. ഏഴാം വിക്കറ്റിൽ ക്രിസ് മോറിസും(8 പന്തുകളിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 25) ഇസിരു ഉഡാനയും(10*) ചേർന്നാണ് 171ലെത്തിച്ചത്.
മുംബയ് ഇന്ത്യൻസ്
Vs
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്