
കൊച്ചി: പത്തുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവുമാണ് സ്വർണക്കടത്ത് കേസിലെ പത്തു പ്രതികളുടെ മുഖ്യ ജാമ്യവ്യവസ്ഥ. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, ഞായറാഴ്ചകളിൽ രാവിലെ പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ഒപ്പിടണം.
എന്നാൽ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, കെ.ടി. ഷറഫുദ്ദീൻ എന്നിവരുടെ ജാമ്യപേക്ഷകൾ തള്ളി. ഇവർക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും ഇതിനുള്ള കണ്ടെത്തലുകൾ കേസ് ഡയറിയിലുണ്ടെന്നും വ്യക്തമാക്കിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.
സ്വപ്നയും സരിത്തും ജാമ്യാപേക്ഷ പിൻവലിച്ചു
നയതന്ത്രചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസിലെ മുഖ്യപ്രതികളായ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ് എന്നിവർ ജാമ്യാപേക്ഷകൾ ഇന്നലെ കോടതിയിൽനിന്ന് പിൻവലിച്ചു. ഇന്നലെ ഇവരുടെ ജാമ്യഹർജികൾ കോടതി പരിഗണിക്കാനിരിക്കെയാണ് ഇവ പിൻവലിക്കുകയാണെന്ന് അഭിഭാഷകർ അറിയിച്ചത്. ഇതു കോടതി അനുവദിച്ചു. സ്വപ്നയ്ക്കു കസ്റ്റംസ് കേസിലും ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലും കോടതികൾ ജാമ്യം അനുവദിച്ചിരുന്നു.