
മോസ്കോ : സ്പുട്നിക് V, എപിവാക് കൊറോണ എന്നിവയ്ക്ക് പിന്നാലെ റഷ്യയിൽ നിന്നുള്ള മൂന്നാമത്തെ കൊവിഡ് 19 വാക്സിനും ഉടൻ തന്നെ അംഗീകാരം നൽകിയേക്കുമെന്ന് റിപ്പോർട്ട്. സൈബീരിയയിലെ വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച എപിവാക് കൊറോണയ്ക്ക് അനുമതി നൽകിയ വിവരം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 
ഓഗസ്‌റ്റിലായിരുന്നു ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിനായ സ്പുട്നികിന് റഷ്യ അംഗീകാരം നൽകിയത്. എന്നാൽ സ്പുട്നിക് ഇതുവരെ പൊതുജനങ്ങൾക്ക് വ്യാപകമായി കൊടുത്തു തുടങ്ങിയിട്ടില്ല. മൂന്നാമത്തെ വാക്സിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റഷ്യയിലെ ചുമക്കോവ് സെന്ററാണ് മൂന്നാമത്തെ വാക്സിന്റെ നിർമാതാക്കൾ എന്നാണ് റിപ്പോർട്ട്. ഈ വാക്സിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ ട്രയലുകൾ തുടങ്ങാൻ അനുമതി നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി ഒക്ടോബർ 6ന് 15 വോളന്റിയർമാർക്ക് വാക്സിൻ കുത്തിവയ്ക്കുകയും ചെയ്തു. ഇവർക്ക് ഇതുവരെ പാർശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്നാണ് റിപ്പോർട്ട്. 300 വോളന്റിയർമാരിൽ നടക്കുന്ന വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ ഡിസംബറോടെ അവസാനിക്കുമെന്നാണ് സൂചന. നിലവിൽ റഷ്യ അംഗീകാരം നൽകിയിരിക്കുന്ന രണ്ട് വാക്സിനുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് മൂന്നാമത്തെ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
അതേ സമയം, വളരെ കുറച്ചു പേരിൽ കുറഞ്ഞ സമയം കൊണ്ട് ഒന്നും രണ്ടും ഘട്ട ട്രയൽ നടത്തി അംഗീകാരം നൽകിയതിനാൽ റഷ്യൻ വാക്സിനുകളെ ഇതുവരെ ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ വിദഗ്ദ്ധരും സുരക്ഷിതമായി കണക്കാക്കിയിട്ടില്ല. വാക്സിൻ ട്രയലുകൾ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ റഷ്യ പൂർണമായും പുറത്തുവിടാത്തതും ഇതിന് ആക്കം കൂട്ടുന്നുണ്ട്.