
ജയ്പ്പൂർ: ജയ്പ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. ചുനാ റാം, ഐസാസ് ഖാൻ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവാഴ്ച എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്നും പെൻ ഡ്രൈവുകൾ, ലാപ്പ്ടോപ്പ്, മൊബൈൽ ഫോണുകൾ, തന്ത്രപ്രധാനമായ രേഖകൾ എന്നിവ കണ്ടെടുത്തുവെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇപ്പോൾ പിടിയിലായിരിക്കുന്ന ഇവർ രണ്ടുപേരുമാണ് സംഭവത്തിന് പിന്നിലെ പ്രധാനികളെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംഭവത്തിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 11 ആയി. ജയ്പ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 18.5 കിലോ സ്വർണം കടത്താൻ ശ്രമിച്ച 10 പേരെ കഴിഞ്ഞ ജൂലായിൽ ആണ് പിടിയിലായത്.
റിയാദിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനം വഴി ജയ്‌പ്പൂരിലെത്തിയ ഇവരുടെ കൈവശമുണ്ടായിരുന്ന എമർജൻസി ലൈറ്റുകളുടെ ബാറ്ററികൾക്കുള്ളിൽ സ്ഥാപിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. കാർട്ടനുകൾക്കുള്ളിലാക്കിയാണ് ഇവർ എമർജൻസി ലൈറ്റുകൾ കൊണ്ടുവന്നത്. തുടർന്ന് എൻ.ഐ.എകേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും അവർക്കുമേൽ യു.എ.പി.എ കുറ്റം ചുമത്തുകയുമായിരുന്നു. ഇവർ ഇന്ത്യയിലേക്ക് വൻ തോതിൽ സ്വർണം കടത്താനായി പദ്ധതി ഇട്ടിരുന്നതായാണ് എൻ.ഐ.എ വ്യക്തമാക്കിയിരുന്നത്.