
ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ.അടുത്ത ആറ് മാസത്തിനുള്ളിൽ വാക്സിൻ രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹർഷ് വർദ്ധൻ.
"വാക്സിൻ നിർമാണ പ്രക്രിയയിൽ രാജ്യം ഏറെ മുന്നിലാണ്. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനുള്ളിൽ വാക്സിൻ രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്." ഹർഷ് വർദ്ധൻ പറഞ്ഞു.
കൊവിഡിനെതിരെയുള്ള യുദ്ധം ഏവരും തുടരണം. ഇതിനായി ആറ് അടിയോളം സാമൂഹിക അകലം പാലിക്കണമെന്നും കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും മാസ്കുകൾ ഉപയോഗിക്കണമെന്നും ഹർഷ് വർദ്ധൻ പറഞ്ഞു. സാമൂഹിക അകലം കൊവിഡ് വ്യാപനം തടയുന്നത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂനത മാർഗങ്ങളും സന്നദ്ധപ്രവർത്തകരുടെ സമർപ്പിത പരിശ്രമവും രാജ്യമെമ്പാടുമുള്ള രക്ത ബാങ്കുകളുടെ പ്രവർത്തനം 24 മണിക്കൂറാക്കി വർദ്ധിപ്പിച്ചുവെന്നും ഹർഷ് വർദ്ധൻ പറഞ്ഞു.