pic

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി. വൻ വിജയം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ തന്നെയാണ് നായകൻ. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദൃശ്യം രണ്ടിന്റെ ചിത്രീകരണത്തിനിടെ എടുത്ത മോഹൻലാലിന്റെയും മീനയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിൽ ചര്‍ച്ചയാക്കുന്നത്. മീന ഷെയര്‍ ചെയ്‍ത ഫോട്ടോ പിന്നീട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.സാമൂഹിക അകലം പാലിച്ച് എന്നാണ് മീന ഫോട്ടോയ്‍ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. ജോര്‍ജുകുട്ടിയായും റാണിയായുമുള്ള മോഹൻലാലിന്റെയും മീനയുടെയും ഫോട്ടോയ്ക്ക് ഒട്ടേറെ ആരാധകർ കമന്റുമായി എത്തി.

ചിത്രത്തിലൂടെ സാമൂഹിക അകലം പാലിക്കണമെന്ന സന്ദേശമാണ് ഇരുവരും ആരാധകർക്ക് നൽകുന്നത്.ദൃശ്യം രണ്ടിലെ പ്രധാന ലൊക്കേഷൻ ജോർജ് കുട്ടിയുടെ വീട് തന്നെയാണ്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതിന്‍റെ ദൃശ്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ദൃശ്യത്തിന്റെ സസ്പെൻസ് തന്നെയാണ് ഇതിനെ വേറിട്ടു നിറുത്തുന്നത്. ഇതിനാൽ തന്നെ ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഈ പ്രതീക്ഷളെ തൃപ്‍തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫിനുള്ളത്.