
ന്യൂഡല്‍ഹി: 2018 -19 വര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് ഫണ്ടിനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളിൽ നിന്ന് ലഭിച്ചത് 876 കോടി രൂപ. കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ബി.ജെ.പിക്കാണ്. തിരഞ്ഞെടുപ്പ് ഫണ്ട് ഇനത്തിൽ മാത്രം 698 കോടി രൂപയാണ് ബി.ജെ.പിക്ക് കോർപ്പറേറ്റുകൾ നൽകിയത്.അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) എന്ന സന്നദ്ധസംഘടനയാണ് ഇത് സംബസിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ബി.ജെ.പിക്ക് 698 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 122. 5 കോടി രൂപയാണ് കിട്ടിയതെന്നും എ.ഡി.ആര്‍ റിപ്പോര്‍ട്ടിൽ പറയുന്നു. 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബി.ജെ.പിക്ക് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്ന് എന്‍.സി.പിക്ക് 11.345 കോടിയും തിരഞ്ഞെടുപ്പിനായി ലഭിച്ചു.
മോദി സർക്കാർ അധികാരത്തിൽ കയറിയത് മുതല്‍ കോര്‍പ്പറേറ്റ് സംഭാവനകളില്‍ ബി.ജെ.പിക്ക് ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായത്.2013-14ല്‍ ബി.ജെ.പിയുടെ കോര്‍പ്പറേറ്റ് ഫണ്ടിങ് 85.37 കോടി രൂപയായിരുന്നു. 2014ല്‍ ഇത് 177.4 കോടിയായും 2015-16ല്‍ 49.5 കോടിയുമായിരുന്നു. എന്നാല്‍ 2016-17ല്‍ ഇത് ശരവേഗത്തില്‍ വര്‍ദ്ധിച്ച് 325.27 കോടി രൂപയായിയെന്നും റിപ്പോർട്ടിൽ പറയുന്നു.