
അരൂർ: സ്വകാര്യ ബസിന്റെ പിൻചക്രം കയറി ഗർഭിണിയായ നഴ്സ് മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണ് മരിച്ചത്. ഭർത്താവിന്റെ കൺമുന്നിൽവച്ചാണ് അപകടം നടന്നത്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്‌കൂളിനു മുൻപിലായിരുന്നു അപകടം.
ബസിൽ കയറുന്ന സമയത്ത്, ബസിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷെൽമി ബസിൽ നിന്ന് റോഡരികിലേക്കു തെറിച്ചു വീണപ്പോൾ ബസിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ആന്ധ്രയിൽ നിന്ന് ചെമ്മീൻ കയറ്റി വന്ന ലോറിയാണ് ബസിന്റെ പിന്നിൽ ഇടിച്ചത്. മക്കൾ: സ്റ്റീവ്, സ്റ്റെഫിൻ.