
തിരുവനന്തപുരം: ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തേക്കും. മുന്നണി വിപുലീകരണത്തിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് തലസ്ഥാനത്ത് നടക്കും.
ജോസ് കെ. മാണി തിരുവനന്തപുരത്തുണ്ട്. അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയേക്കും.പാല സീറ്റിൽ എൻ.സി.പിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കലാണ് സി.പി.എമ്മിന് മുന്നിലെ കടമ്പ. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം അധികം വൈകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജോസ് കെ. മാണി ഇടതുമുന്നണിയുടെ ഭാഗമാകാൻ സാദ്ധ്യത ഉണ്ട്.
അതേസമയം, ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് കൂറുമാറിയതോടെ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ യു. ഡി. എഫ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫ് വോട്ടുകൾ നേടി ജയിച്ച റോഷി ആഗസ്റ്റിന് എൽ.ഡി.എഫ് എം.എൽ.എ ആയി തുടരാന്‍ ധാർമ്മിക അവകാശമില്ലെന്ന വിമർശനം യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ട്.