m-p-joseph

തിരുവനന്തപുരം: ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകുന്നത് ഉചിതമായ തീരുമാനമായി തോന്നുന്നില്ലെന്ന് കെ.എം. മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ് കേരളകൗമുദി ഓൺലൈനിനോട്. ഇടതുപക്ഷത്തേക്ക് ചെന്നാൽ ജോസ് കെ. മാണിക്ക് കിട്ടുന്ന സ്വീകാര്യത വല്ലാതെ കുറഞ്ഞുപോകും. കേരള കോൺഗ്രസിന്റെ അടിസ്ഥാനം കോൺഗ്രസാണ്. കോൺഗ്രസിൽ നിന്ന് പിരിഞ്ഞുപോയാണ് കേരള കോൺഗ്രസൊക്കെ ഉണ്ടാകുന്നത്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഈ രണ്ട് പാർട്ടികളും. മാർക്‌സിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തേക്ക് ജോസ് പോകുന്നത് ഒരിക്കലും ശരിയായ തീരുമാനമല്ലെന്നും ജോസഫ് വ്യക്തമാക്കി.

ആ ലോജിക്ക് മതി

കെ.എം. മാണിക്കെതിരെ നടത്തിയ ബാർക്കോഴ സമരത്തെ പിന്നീട് തിരുത്തി പറഞ്ഞവരാണ് സി.പി.എം. ജോസ് കെ. മാണിക്ക് കൊടുക്കുന്ന ഉറപ്പുകളും അതുപോലെ വരും. ആറ് മാസം കഴിയുമ്പോൾ ഈ ഉറപ്പുകളൊക്കെ സി.പി.എം തിരുത്തും. വാക്കിന് യാതൊരു വിലയുമില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ഇന്ന് പറയുന്നതൊക്കെയും നാളെ സി.പി.എം തളളി പറയും. മുഖംമൂടിയണിഞ്ഞ പ്രസ്ഥാനമാണ് സി.പി.എം. 1979ൽ ഇടതുപക്ഷത്തേക്ക് പോയി വെറും മൂന്നു കൊല്ലം കൊണ്ട് ആ തീരുമാനം ശരിയല്ലെന്ന് പറഞ്ഞ് തിരിച്ചുവന്നയാളാണ് കെ.എം. മാണി. 2016ൽ യു.ഡി.എഫിൽ നിന്ന് മാറി നിന്നിട്ടും കെ.എം. മാണി ഇടതുപക്ഷത്തേക്ക് പോയില്ല. അദ്ദേഹം തിരിച്ച് യു.ഡി.എഫിലേക്ക് തന്നെയാണ് വന്നത്. വളരെ ദീ‌ർഘവീക്ഷണമുളള വ്യക്തിയായിരുന്നു കെ.എം. മാണി. ഇടതുപക്ഷത്തിന്റെ പൊയ്‌മുഖം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. കെ.എം. മാണി ഏത് പക്ഷമാണെന്ന് ചിന്തിക്കാൻ ആ ഒരു ലോജിക്ക് മാത്രം മതി.

പളളിയും പട്ടക്കാരും എൽ.ഡി.എഫിലേക്ക് പോകില്ല

കേരളകോൺഗ്രസ്, കോൺഗ്രസ് വോട്ടർമാർ സമാന ചിന്താഗതിയുളളവരാണ്. അത്ര എളുപ്പത്തിലൊന്നും അവർ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് കുത്തില്ല. മാനസികമായും വൈകാരികമായും അവർക്ക് അതിനോട് യോജിക്കാനാകില്ല. ഈശ്വരവിശ്വാസികളാണ് കേരളകോൺഗ്രസിലെ ഭൂരിപക്ഷം വോട്ടർമാരും. അവരാരും വിശ്വാസത്തെയും ബിഷപ്പുമാരെയും തളളിപ്പറയുന്ന ഇടതുപക്ഷത്തിനൊപ്പം നിൽക്കില്ല. സി.പി.എം നേതൃത്വം നൽകുന്ന മുന്നണിക്ക് വോട്ട് ചെയ്യാൻ അവരുടെ മനസ് സമ്മതിക്കില്ല. മദ്ധ്യതിരുവിതാംകൂറിലെ പട്ടക്കാരുടെയും കന്യാസ്‌ത്രീകളുടെയുമൊക്കെ അഞ്ച് ശതമാനം പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല. ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുന്ന വൈദികരും വിശ്വാസികളും ഹിംസ കൈമുതലാക്കിയ ഒരു പാർട്ടിക്ക് ഒപ്പം പോകില്ല.

അളിയൻ അല്ല അനുജൻ

ജോസ് കെ. മാണിയെ എന്റെ അളിയൻ എന്ന് പോലും ഞാൻ പറയില്ല. എന്റെ അനുജനെ പോലെയാണ്. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. രാഷ്ട്രീയത്തിൽ തെറ്റ് എല്ലാവർക്കും പറ്റും. അദ്ദേഹം തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ അദ്ദേഹം യു.ഡി.എഫിന് എതിരെ പറഞ്ഞ ഓരോ വാക്കുമെടുത്ത് അവലോകനം ചെയ്യാൻ ഞാൻ നിൽക്കുന്നില്ല.

പക്വത വരാൻ സമയമെടുക്കും

എല്ലാവർക്കും പക്വത വരാൻ ഒരു സമയമെടുക്കും. രാഷ്ട്രീയത്തിൽ ജോസ് കെ. മാണി വന്നിട്ട് അധികം വർഷമൊന്നും ആയിട്ടില്ല. തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ ശരിയാകും ചിലപ്പോൾ തെറ്റാകും. മാർക്‌സിസ്റ്റ് പാർട്ടിയുടെ സെൽ ഭരണത്തിൽ നിൽക്കാനോ അവരുടെ കമ്മിറ്റികളിൽ പോയി എല്ലാത്തിനും അനുവാദം വാങ്ങോനോ ഒന്നും ജനാധിപത്യ സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവർക്ക് കഴിയില്ല.

പാലായിൽ മത്സരിക്കുമോ?

കോൺഗ്രസ് പാർട്ടി എവിടെ മത്സരിക്കാൻ പറഞ്ഞാലും ഞാൻ മത്സരിക്കും. ഞാൻ കോൺഗ്രസുകാരനാണ്. തിരഞ്ഞെടുപ്പിന് ഇനി അഞ്ചാറ് മാസമേ ഉളളൂ. ഇത് ഒരു സാങ്കൽപ്പിക ചോദ്യമാണ്. അതേസമയം പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. അതിനി മൈസൂരിലായാലും ട്രംപിന് എതിരായിട്ട് ആണെങ്കിലും പാർട്ടി പറഞ്ഞാൽ മത്സരിക്കും.

വീട്ടിൽ നോ പൊളിറ്റിക്‌സ്

ഞങ്ങളുടെ കുടുംബത്തിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളുമില്ല. സീസറിനുളളത് സീസറിനും ദൈവത്തിനുളളത് ദൈവത്തിനും കൊടുക്കുന്നത് പോലെ കുടുംബത്തിൽ രാഷ്ട്രീയം വേറെയാണ്. കുടുംബത്തിൽ ഞാൻ രാഷ്ട്രീയം പറയാറില്ല. ഞാൻ പാരമ്പര്യമായി ഒരു കോൺഗ്രസുകാരനാണ്. കുടുംബവും രാഷ്ട്രീയവും രണ്ട് തട്ടാണ്. മാണി സാറിന്റെ അനുവാദം വാങ്ങിച്ചാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്.