
കൊച്ചിരാജാവിനും ദിവാൻ ഷൺമുഖം ചെട്ടിയാർക്കും എതിരെ നിരവധി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമരസേനാനിയായ ഇക്കണ്ടവാര്യർ കൊച്ചിയിൽ ഇന്നുകാണുന്ന നായ്ക്കനാലിലുള്ള പച്ചക്കറി മാർക്കറ്റിന്റെ ഉദ്ഘാടന സമ്മേളന വേദിയിലേക്ക് ഷൺമുഖം ചെട്ടിയാരെ സ്വാഗതം ചെയ്തത് 'ചെട്ടി തൊട്ടതെല്ലാം പൊന്ന്"എന്ന വാക്കുകളോടെയാണ്.
കോയമ്പത്തൂരിലെ സമ്പന്ന വാണിയ കുടുംബത്തിൽ കന്തസ്വാമി ചെട്ടിയാരുടെ മകനായി ജനിച്ചു. കോയമ്പത്തൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേം മദ്രാസ് ക്രിസ്ത്യൻ കോളേജിലും മദ്രാസ് ലാ കോളേജിലും ചേർന്ന് പഠനം പൂർത്തിയാക്കി. തുടർന്ന് കുറച്ചുകാലം കുടുംബ ബിസിനസിൽ ഇടപെട്ടു. അതിനുശേഷം രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചു. ആദ്യം ഇന്ത്യൻ ദേശീയ സ്വരാജ് പാർട്ടിയിൽ ചേർന്നു. 1917 ൽ കോയമ്പത്തൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് മുനിസിപ്പൽ കൗൺസിലറായി. തുടർന്ന് മുനിസിപ്പൽ വൈസ് ചെയർമാനായി. 1920 ൽ മദ്രാസ് പ്രസിഡൻസി ലെജിസ്ളേറ്റീവ് കൗൺസിൽ തിരഞ്ഞടുപ്പിൽ മത്സരിച്ചു ജയിച്ചു. 1922 ൽ ജസ്റ്റിസ് പാർട്ടിയിൽ ചേർന്ന് നേതൃത്വപരമായ പങ്കുവഹിച്ചു.
1931 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകാലത്ത് കേന്ദ്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1934 വരെ കേന്ദ്ര നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായും 1935 ൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഇൗ കാലയളവിലുള്ള അദ്ദേഹത്തിന്റെ കഴിവും ഭരണ നൈപുണ്യവും ബ്രിട്ടീഷ് ഇന്ത്യൻ ഭരണാധികാരികളുടെയും അതിലുപരി വൈസ്രോയിയായിരുന്ന വെല്ലിംഗ്ടൺ പ്രഭുവിന്റെയും ആദരവിനും അംഗീകാരത്തിനും ഇടയാക്കി. ഒരിക്കൽ ഷൺമുഖം ചെട്ടിയെ തന്റെ ദൈവപുത്രൻ എന്നുപോലും അദ്ദേഹം വിശേഷിപ്പിച്ചു.
1935 ൽ കൊച്ചി ദിവാനായി ചുമതല ഏറ്റെടുത്തു. 1941 വരെ ആസ്ഥാനത്തു തുടർന്നു. ഇൗ കാലഘട്ടത്തെ കൊച്ചിയുടെ സുവർണകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചത് അദ്ദേഹമാണ്. കൊച്ചി രാജ്യമായിരുന്ന എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ ഇന്നുകാണുന്ന പ്രധാനപ്പെട്ട എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കിയത് സർ ആർ.കെ. ഷൺമുഖം ചെട്ടിയാണ്. കൊച്ചി തുറമുഖം ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്, ഹൈക്കോടതി കെട്ടിടങ്ങളും മഹാരാജാസ് കോളേജും ടൗൺഹാളും ആലുവാപാലസും നിർമ്മിച്ചത്, എം.ജി. റോഡും ബ്രോഡ്വെയും ജുയിസ് സ്ട്രീറ്റും പോലെ നിരവധി രാജപാതകളും മാർക്കറ്റുകളുമൊക്കെ രൂപകല്പന ചെയ്തു നടപ്പിലാക്കിയത്, എഫ്.എ.സി.ടി ഉൾപ്പെടെയുള്ള നിരവധി വ്യവസായ ശാലകൾ ആരംഭിച്ചത് , റോഡരുകിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ചത്, തൃശൂർ തേക്കിൻകാടു മൈതാനവും തൃശൂർ റൗണ്ടും രൂപകല്പന ചെയ്തു നടപ്പിലാക്കിയത്, പെരിയാറിന്റെ ഇരുകരകളും വികസിപ്പിച്ച് ജനവാസ കേന്ദ്രങ്ങളാക്കിയത്,കൊച്ചി രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ ജലഗതാഗതത്തിനായി പ്രസിദ്ധമായ ഷൺമുഖം കനാൽ നിർമ്മിച്ചത്, കനാലിന്റെ ഇരുകരകളിലും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി സാധാരണ ജനങ്ങളെ അധിവസിപ്പിച്ചത് തുടങ്ങിയവയെല്ലാം ഡോ. ആർ.കെ. ഷൺമുഖം ചെട്ടിയാരുടെ സംഭാവനകളാണ്. തൃശൂർ നഗരത്തിലെത്തുന്ന ആരെയും വിസ്മയപരതന്ത്രരാകുന്ന കോൺക്രീറ്റ് റോഡ് ഇന്ത്യയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചത് അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളിൽ മറ്റൊന്നാണ്.
അദ്ദേഹം കൊച്ചി ദിവാനായപ്പോൾ ഇന്ത്യയിൽ ഒരുനാട്ടുരാജ്യത്തിലും അതുവരെ നടപ്പിലാക്കാതിരുന്ന ഉത്തരവാദിത്വഭരണം ഏർപ്പെടുത്തി. കൊച്ചിൻ കോൺഗ്രസ് നേതാവായിരുന്ന അമ്പാട്ടെ ശിവരാമ മേനോനെ കൊച്ചി രാജാവിന്റെ കീഴിൽ നിയമസഭയോട് ഉത്തരവാദപ്പെട്ട ഗ്രാമോദ്ധാരണമന്ത്രിയായി നിയമിച്ചുകൊണ്ട് 1938 -ൽ ഗവൺമെന്റ് ഒഫ് കൊച്ചിൻ ആക്ട് നിലവിൽവരുത്തുകയും അതിപ്രധാനമായ കൊച്ചിൻ കുടിയാൻ നിയമം പാസാക്കുകയും ചെയ്തു.
കൊച്ചിൻ ഹാർബറിന്റെ പരിഷ്കരണത്തിൽ മുഖ്യപങ്ക് വഹിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഹാർബർ റോഡിനോടനുബന്ധിച്ചുള്ള റോഡിന് ഷൺമുഖം റോഡ് എന്ന് നാമകരണം ചെയ്തത്.
കൊച്ചിയിലെ കർഷകർ കടബാദ്ധ്യതയിൽപ്പെട്ട് നശിച്ചുകൊണ്ടിരുന്ന കാലത്ത് അവരെ അതിൽനിന്നും രക്ഷപ്പെടുത്തുന്നതിനുവേണ്ടി കൊച്ചിൻ പരസ്പരസഹായ ഭൂപണയ ബാങ്ക് സ്ഥാപിച്ചു.
കൂടാതെ സർക്കാർ നിയമനങ്ങളിൽ സ്വജനപക്ഷപാതവും പിന്നാക്ക ന്യൂനപക്ഷ അവഗണനയും അവസാനിപ്പിക്കാനായി ഇന്ന് കാണുന്ന പബ്ളിക് സർവീസ് കമ്മിഷനെപ്പോലെ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ സ്റ്റാഫ് സെലക്ഷൻ ബോർഡ് രൂപീകരിച്ചുകൊണ്ട് രാജ്യത്തിന് മാതൃക കാട്ടിയ ദേശസ്നേഹിയായിരുന്നു അദ്ദേഹം.
ഇൗ ഭരണപരിഷ്കാരത്തെ സ്വാഗതം ചെയ്തുകൊണ്ട് പിന്നാക്ക സമുദായങ്ങൾക്കുവേണ്ടി എസ്.എൻ.ഡി.പി യോഗം അനുമോദന സമ്മേളനം നടത്തി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
കൊച്ചി ദിവാൻ സ്ഥാനത്തുനിന്നും വിരമിച്ചശേഷം കുറച്ചുകാലം അദ്ദേഹം ഭോപ്പാലിലെ നവാബിന്റെ ഉപദേശകനായിരുന്നു.
1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ അദ്ദേഹം ഭാരതത്തിന്റെ ആദ്യ ധനകാര്യ മന്ത്രിയായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചതും അദ്ദേഹമാണ്. ബ്രിട്ടീഷ് അനുകൂലചായ്വ്  ഉണ്ടായിരുന്നിട്ടും അന്ന് ഇന്ത്യയിൽ ഏറ്റവും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും പ്രശസ്ത അഭിഭാഷകനും അതിലുപരി ഏതെല്ലാം സ്ഥാനങ്ങളിൽ ഇരുന്നിട്ടുണ്ടോ അവിടെയെല്ലാം സാധാരണക്കാരുടെ ജീവിതം തൊട്ടറിഞ്ഞ കർമ്മധീരനായ ഒരു മനുഷ്യസ്നേഹിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടാണ് ഗാന്ധിജിയുടെ  നിർദ്ദേശമനുസരിച്ച് ജവഹർലാൽ നെഹ്റു ഡോ. ഷൺമുഖം ചെട്ടിയെ ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയാക്കിയത്. വിഭജനകാലത്ത് ഇന്ത്യയ്ക്ക് അവകാശപ്പെട്ട സഹസ്ര കോടികളുടെ സ്വത്ത് വകകൾ യാതൊരു ഉപാധിയുമില്ലാതെ പാകിസ്ഥാന് വിട്ടുകൊടുക്കുന്നതിനെതിരെ അതിശക്തമായ നിലപാടുകൾ സ്വീകരിച്ചതാണ് നെഹ്റു മന്ത്രിസഭയിൽനിന്നും അദ്ദേഹം രാജിവച്ചത്. അതിനുശേഷം അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി. 1952- ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും മദ്രാസ് സംസ്ഥാന നിയമസഭയിലേക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1933 ജൂൺ 3ന് ബ്രിട്ടീഷ് ഗവൺമെന്റ് ഡോക്ടർ ഷൺമുഖം ചെട്ടിയാരെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ ബഹുമതിയായ നൈറ്റ് കമാൻഡർ ഒഫ് ഇന്ത്യൻ എമ്പയർ എന്ന സ്ഥാനം നൽകി ആദരിച്ചു. അണ്ണാമല സർവകലാശാല അദ്ദേഹത്തിന് ഡോക്ടർ ഒഫ് ഫിലോസഫി ബിരുദം നൽകി ആദരിച്ചു.
അണ്ണാമല യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായിരുന്നുകൊണ്ട് തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും അദ്ദേഹം അമൂല്യമായ സംഭാവന നൽകിയിട്ടുണ്ട്. ഭാരതീയ വിദ്യാഭ്യാസത്തിന്റെ നയരൂപീകരണത്തിൽ അടിത്തറ പാകുന്നതിലും അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണ്.
മാതൃരാജ്യത്തിനും സമൂഹത്തിനും വേണ്ടി ജീവിതാന്ത്യംവരെ സേവന തല്പരനായിരുന്ന ഡോ. ആർ.കെ. ഷൺമുഖം ചെട്ടിയാർ 1953 മേയ് 5-ാം തീയതി 61-ാം വയസിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
(കേരള വണിക വൈശ്യ സംഘം
പ്രസിഡന്റാണ് ലേഖകൻ)