
കണ്ണൂർ: അഴീക്കോട്ടെ സർക്കാർ വൃദ്ധസദനത്തിലെ മേട്രനായിരുന്ന ജ്യോത്സന ആത്മഹത്യ ചെയ്തത് മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്നാണെന്ന് കുടുംബം. നഴ്സിനെകൊണ്ട് നിർബന്ധിച്ച് മേലുദ്യോഗസ്ഥർ പരാതി നൽകിച്ചെന്നും, ഇതുമൂലമാണ് വിശദീകരണം പോലുംചോദിക്കാതെ സസ്‌പെൻഡ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.
വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാൻ നിർബന്ധിച്ചുവെന്ന താൽക്കാലിക നഴ്സിന്റെ പരാതിയിലായിരുന്നു ജ്യോത്സനയെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷനിലായി നാല് ദിവസത്തിന് ശേഷമാണ് മേട്രൻ ആത്മഹത്യ ചെയ്തത്. വൃദ്ധ സദനത്തിലെ സൂപ്രണ്ടിനെ പോലും അറിയിക്കാതെയായിരുന്നു നഴ്സ് തിരുവന്തപുരത്തേക്ക് പരാതി അയച്ചത്.
അതേസമയം, മേട്രന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസും സാമൂഹ്യ നീതി വകുപ്പും അന്വേഷണം ആരംഭിച്ചു. താൻ നിരപരാധിയാണെന്നാണ് ആരോപണ വിധേയനായ സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പവിത്രൻ തൈക്കണ്ടിയുടെ പ്രതികരണം. മൂന്ന് വർഷം ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്നു ഇയാൾ. ആ സമയത്ത് ജ്യോത്സനയും പവിത്രനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പ്രതികാരമാണ് ജില്ലാ ഓഫീസറായി എത്തിയപ്പോൾ തീർത്തതെന്നാണ് മേട്രന്റെ കുടുംബത്തിന്റെ ആരോപണം.