
കോഴിക്കോട്: കൂടുതൽ കക്ഷികളെ യു.ഡി.എഫിലേക്ക് ആകർഷിക്കണമെന്ന നിർദേശം താൻ മുന്നോട്ട് വച്ചെന്ന് കെ.മുരളീധരൻ എം.പി. അധികാര തുടർച്ചയ്‌ക്ക് വേണ്ടി എന്ത് വൃത്തിക്കേടും കാണിക്കാൻ മടിയില്ലാത്ത മുന്നണിയാണ് ഇടതുപക്ഷം. ഇന്നലെ വരെ കെ.എം മാണിക്കെതിരെ പറഞ്ഞതെല്ലാം അവർ വിഴുങ്ങി. അദ്ദേഹത്തെ ബഡ്‌ജറ്റ് അവതരിപ്പിക്കാൻ പോലും സമ്മതിക്കാത്ത വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ഇടതുപക്ഷം നിയമസഭയിൽ കാണിച്ചതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ കാലാകാലങ്ങളിൽ യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കണം. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്. ഇതിന് യു.ഡി.എഫ് നേതൃത്വം ശ്രമിക്കണം. കൂടുതൽ കക്ഷികൾ മുന്നണിയിൽ നിന്ന് വിട്ടുപോയാൽ അത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ഇപ്പോഴത്തെ മുന്നണിയെ വച്ചുകൊണ്ട് ജയിക്കാനുളള കഴിവൊക്കെ യു.ഡി.എഫിനുണ്ട്. എന്നാൽ ആളുകൾ മുന്നണി വിടുന്നു എന്ന പ്രചാരണം ശക്തിപ്പെടും. ചർച്ചകളിലൂടെ പിണങ്ങി പോയവരെ തിരികെ കൊണ്ടുവരണമെന്ന് അതുകൊണ്ടാണ് പറയുന്നത്. വീരേന്ദ്രകുമാർ 45 വർഷത്തെ ഇടതുപക്ഷ ബദ്ധം ഉപേക്ഷിച്ച് സഹിക്കാൻ വയ്യാതെയാണ് യു.ഡി.എഫിലേക്ക് വന്നത്. അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയിയെന്ന് പരിശോധിച്ചില്ല. വിചാരിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുളളൂ. നേതാക്കൾ തമ്മിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പുണ്ട്. അത് പരിഹരിക്കണമെന്നും മുരളീധരൻ വിമർശിച്ചു.
താൻ ജോസ് കെ മാണിയുമായി സംസാരിച്ചിരുന്നു. ചില്ലറ വിട്ടുവീഴ്ചകൾ ഇരു ഭാഗത്ത് നിന്നും ഉണ്ടാവണമായിരുന്നു. ജോസ് കെ മാണി ഒരു അബദ്ധം കാണിച്ചു. ജില്ലാ പഞ്ചായത്തിന്റെ പേര് പറഞ്ഞ് 38 വർഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. അതേസമയം ഉമ്മൻചാണ്ടിയും രമേശും എടുത്ത തീരുമാനം ശരിയായിരുന്നു. എന്നാൽ മുന്നണി വിടേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു. കെ.കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ട് പോയിട്ടില്ല. അദ്ദേഹം പിളർന്ന കേരള കോൺഗ്രസുകളെയെല്ലാം കൂടെ നിർത്തിയിട്ടേയുളളൂ. വിട്ടുപോകുന്ന പ്രചാരണങ്ങളെയെല്ലാം തടയാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അത് ഇന്നുണ്ടാവുന്നില്ല. നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് ഇത് നടക്കുന്നത് എന്നൊന്നും താൻ പറയില്ല. എല്ലാവരും കരുണാകരന് ഒപ്പം പ്രവർത്തിച്ച നേതാക്കളാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.